അതിശൈത്യത്തിലും കടുത്തശീതക്കാറ്റിലും വിറങ്ങലിച്ച് അമേരിക്ക. മരണം 34 ആയി ഉയര്‍ന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് വലിയതോതില്‍ ജനജീവിതത്തെ ബാധിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ 60 ശതമാനം ജനങ്ങളെ അതിശൈത്യം ബാധിച്ചെന്നാണ് ഔദ്യോഗ്യിക റിപ്പോര്‍ട്ടുകള്‍. ശീതക്കാറ്റ് കാരണം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും വൈദ്യുതി മുടങ്ങിയതും ക്രിസ്തുമസ് ദിനത്തില്‍ ജനങ്ങളെ വലച്ചു. അതിശൈത്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് മിനുറ്റുകള്‍ക്കകം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ശൈത്യം ഇനിയും രൂക്ഷമാവാനാണ് സാധ്യതയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അതേസമയം ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം ജനജീവിതത്തെ ബാധിച്ചു. ശക്തമായ മൂടല്‍ മഞ്ഞ് ദില്ലി – പഞ്ചാബ് സംസ്ഥാനങ്ങളില്‍ റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ദില്ലി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടത് കാരണം റെയില്‍- റോഡ് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെതുടര്‍ന്ന് 12 ട്രെയിന്‍ സര്‍വീസുകള്‍ വൈകിയിരുന്നു. ശക്തമായ മൂടല്‍മഞ്ഞ് കാരണം പാഞ്ചാബില്‍ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. അപകടസാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പുതിയ ശൈത്യ തരംഗം ആരംഭിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ്.