ആവേശം വിതറി ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി-20; ഇന്ത്യയുടെ വിജയം 6 വിക്കറ്റുകൾക്ക്

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കിവികൾ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്‍തിയും കളം വിട്ടു.

ഇന്ത്യയെ ബോളിങ്ങിന് അയച്ച ന്യൂസിലന്റിന്റെ പ്രതീക്ഷകളെ പവർപ്ലേയിൽ തന്നെ തകർത്താണ് നീലപ്പട തുടങ്ങിയത്. ചഹാൽ അടക്കം സ്പിന്നർമാരെ ഉപയോഗിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രം ഫലിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഫിൻ അലനെ (11) ചഹാലും ഡെവൊൺ കോൺവേയെ (11) വാഷിംഗ്ടൺ സുന്ദറും ഗ്ലെൻ ഫിലിപ്സിനെ (5) ദീപക് ഹൂഡയും ഡാരിൽ മിച്ചലിനെ (8) കുൽദീപ് യാദവും മടക്കിയപ്പോൾ മാർക് ചാപ്മാൻ (14) റണ്ണൗട്ടായി. മൈക്കൽ ബ്രേസ്‌വെലിനെ (14) ഹാർദിക് പാണ്ഡ്യ മടക്കി അയച്ചു.

ഇന്ത്യയുടെ വിജയത്തോടെ പരമ്പര സമനിലയിലായി. പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഫെബ്രുവരി 1ന് അഹമ്മദാബാദിൽ വെച്ചു നടക്കും.


Share on

Tags