എഫ്.സി.ഐയില്‍ കരാറുകാരനും ലോറിത്തൊഴിലാളികളും തമ്മില്‍ തര്‍ക്കം; ലോറിത്തൊഴിലാളിയുടെ ആത്മഹത്യശ്രമം

TalkToday

Calicut

Last updated on Mar 23, 2023

Posted on Mar 23, 2023

പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തിക്കോടിയിലെ ഗോഡൗണില്‍ കരാറുകാരന്റെ ലോറികളും ലോറിത്തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ലോറിയുടെ കാബിന് മുകളില്‍ പെട്രോളുമായി കയറി സ്ഥിരം ലോഡ് കയറ്റുന്ന ലോറിത്തൊഴിലാളി ആത്മഹത്യശ്രമം നടത്തി.

മൂരാട് സ്വദേശിയായ ലോറി ഡ്രൈവര്‍ അറഫാത്താണ് (35) കരാറുകാരന്റെ ലോറിക്ക് മുകളില്‍ കയറി ആത്മഹത്യശ്രമം നടത്തി പ്രതിഷേധിച്ചത്. പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും ലോറിക്കുമുകളില്‍ കയറി സാഹസികമായി ഇദ്ദേഹത്തെ കീഴ്പ്പെടുത്തി താഴെയിറക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പെട്രോള്‍ മറിഞ്ഞ് സി.ഐയുടെ കണ്ണിലും തലയിലും പടര്‍ന്നു.

എഫ്.സി.ഐയില്‍നിന്ന് ധാന്യങ്ങള്‍ കൊണ്ടുപോകാന്‍ കരാറെടുത്തയാളും സ്ഥിരം ലോറിത്തൊഴിലാളികളും തമ്മില്‍ മാസങ്ങളായി തൊഴില്‍തര്‍ക്കത്തിലാണ്. കരാറുകാരന്‍ പുറത്തുനിന്ന് ലോറികള്‍ കൊണ്ടുവന്ന് ലോഡ് കൊണ്ടുപോകുന്നത് ലോറിത്തൊഴിലാളികള്‍ നിരവധി തവണ തടഞ്ഞിരുന്നു.

ഇതോടനുബന്ധിച്ച്‌ സംയുക്ത ലോറിത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എഫ്.സി.ഐയുടെ കവാടത്തില്‍ ലോറി തടഞ്ഞപ്പോഴാണ് അറഫാത്ത് ലോറിക്കു മുകളില്‍ കയറി ആത്മഹത്യശ്രമം നടത്തിയത്‌. ലോറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം പൊലീസ് ലോറികള്‍ കടത്തിവിട്ടു.


Share on

Tags