ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനാണ് ശ്രമമെന്നും അത് തന്‍റെ അവസാന പ്രധാന ചാമ്ബ്യന്‍ഷിപ്പായിരിക്കാമെന്നും ബോക്സിങ് മുന്‍ വനിതാ ലോക ചാമ്ബ്യന്‍ മേരി കോം.
കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സെലക്ഷന്‍ മത്സരത്തിനിടെ പരിക്കേറ്റ മേരി കോം കുറച്ചുകാലമായി മത്സരരംഗത്തുണ്ടായിരുന്നില്ല.
“പരിക്ക് ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ വര്‍ഷം കൂടിയേ എനിക്ക് മുന്നിലുള്ളൂ. അടുത്ത വര്‍ഷം വിരമിക്കേണ്ടി വരും.” നാളെ മുതല്‍ 26 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സി അവതരിപ്പിക്കുന്ന വേദിയില്‍ മേരി കോം പറഞ്ഞു.
ബോക്സിംഗില്‍ 40 വയസ്സ് വരെ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാം. മണിപ്പൂര്‍ സ്വദേശിനിയായ മേരി കോമിന് നവംബറില്‍ 41 വയസ് തികയും. “ഞാന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. അഞ്ച് വര്‍ഷം കൂടി മത്സരിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ നിബന്ധനകള്‍ അനുവദിക്കില്ല,”മേരി കോം പറഞ്ഞു.