മെഡിക്കൽ കോളേജിലടക്കം കോഴിക്കോട് നഗരത്തിൽ ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്‌കരിക്കും

TalkToday

Calicut

Last updated on Mar 6, 2023

Posted on Mar 6, 2023

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരപരിധിയിലെ ആശുപത്രികളിൽ ഡോക്ടർമാർ തിങ്കളാഴ്ച ഒ.പി. ബഹിഷ്കരിക്കും. അത്യാഹിതവിഭാഗവും ലേബർറൂമും ഒഴികെയുള്ള എല്ലാ ഒ.പി. സേവനങ്ങളും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബഹിഷ്കരിക്കുന്നത്. ഐ.എം.എ.യുടെ ആഹ്വാനപ്രകാരമാണ് സമരം.
ഡോ. പി.കെ. അശോകനെ മർദിക്കുകയും ഫാത്തിമ ആശുപത്രിയിൽ അക്രമം സൃഷ്ടിക്കുകയുംചെയ്തവരെ അറസ്റ്റുചെയ്യണമെന്ന് ഐ.എം.എ. കോഴിക്കോട് ശാഖാ പ്രസിഡന്റ് ഡോ. ബി. വേണുഗോപാലൻ, സെക്രട്ടറി ഡോ. കെ. സന്ധ്യാക്കുറുപ്പ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ഡോക്ടർമാർക്ക് ഭയപ്പാടോടെയല്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. മർദനം നടത്തിയവർക്കെതിരേ വധശ്രമത്തിന് കേസെടുക്കണം. കെ.ജി.എം.ഒ.എ.യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ സമരം സംസ്ഥാനവ്യാപകമാക്കും -ഐ.എം.എ. ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. മിലി മോനി, ഡോ. അനിത അശോകൻ, ഡോ. പി.എൻ. അജിത, ഡോ. അനീൻ എൻ. കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യാത്തപക്ഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ വൈകീട്ട് ആറുവരെ ഒ.പി. ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.ജി.എം.സി.ടി.എ. സംസ്ഥാനപ്രസിഡന്റ് ഡോ. നിർമൽ ഭാസ്കർ, സെക്രട്ടറി ഡോ. ടി. റോസ്‌നാരാ ബീഗം എന്നിവർ അറിയിച്ചു. ശസ്ത്രക്രിയകളും അത്യാഹിതവിഭാഗവും സാധാരണപോലെ പ്രവർത്തിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജിലും രാവിലെ 11.30 മുതൽ 12.30 വരെ പ്രതിഷേധപ്രകടനവും നടത്തും.


Share on

Tags