സാധാരണയായി പനി രോഗലക്ഷണമാണ് എന്ന് പറയാറുണ്ട്. എന്നാല്‍ തണുപ്പും രോഗലക്ഷണമായാലോ..? ചിലരുടെ കാലുകളുടെ അടിഭാഗം എപ്പോഴും തണുപ്പുള്ളത് പോലെ തോന്നും.
മിക്കവരിലും കാലാവസ്ഥ വ്യതിയാനമാകാം കാരണം. എന്നാല്‍ ചില അവസരങ്ങളില്‍ തണുപ്പും രോഗ ലക്ഷണമാണ്. നമ്മുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പും ചൂടും ബാധിക്കുന്നത് കാലുകളെയാണ്.
അതുകൊണ്ടാണ് തണുപ്പ് കാലത്ത് മിക്കവരും സോക്‌സ് ഇടുന്നത്.പ്രമേഹം രോഗികളില്‍ മുതല്‍ അനീമിയ രോഗികളില്‍ വരെ കാലിന്റെ അടിഭാഗത്ത് തണുപ്പ് അനുഭവപ്പെടുന്നതാണ്. തണുത്ത പാദങ്ങള്‍ ചിലപ്പോള്‍ ചില ഗുരുതരമായ രോഗാവസ്ഥകളുടെ സൂചനയാണ്. പ്രമേഹം സങ്കീര്‍ണമായ അവസ്ഥയിലാണ് കാലിന് അടിഭാഗത്ത് പതിവിലധികം തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പില്‍ ആരംഭിച്ച് പിന്നാലെ ഞരമ്ബുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ പ്രമേഹ രോഗമില്ലാത്തവര്‍ക്ക് പെരിഫറല്‍ ന്യൂറോപതി പോലുള്ള രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയും വരാം. സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, മദ്യപാനം, വിറ്റാമിനുകളുടെ അഭാവം, അസ്ഥി-മജ്ജ തകരാറുകള്‍, തൈറോയ്ഡ്, പരിക്കുകള്‍, പലതരം മരുന്നുകള്‍ എന്നിവയൊക്കെ പെരിഫറല്‍ ന്യൂറോപതി രോഗങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് ഉള്ളവര്‍ക്കും കാലിന് അടിയില്‍ തണുപ്പ് അനുഭവപ്പെടാം. പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യതയേറെയാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
തൈറോയ്ഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്ബോഴും കാലിന് അടിയില്‍ തണുപ്പ് അനുഭവപ്പെടാം. തൈറോയ്ഡ് ഗ്രന്ഥികളില്‍ നിന്ന് ആവശ്യമായ അളവില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കില്‍ കാലുകള്‍ക്കും പാദങ്ങള്‍ക്കും തണുപ്പ് അനുഭവപ്പെടാം. വിളര്‍ച്ച ഉണ്ടാകുമ്ബോഴും തണുപ്പ് തോന്നാം. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാതിരിക്കുന്നതിന് ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതില്‍ പരാജയം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ പാദങ്ങളും കൈകളും തണുത്തിരിക്കും.
കൃത്യമായി രക്തചംക്രമണം നടന്നില്ലെങ്കിലും കാല്‍പാദങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടാം. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് രക്തയോട്ടം കൃത്യമായി നടക്കാത്തത്. രക്തചംക്രമണത്തില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളാണ് പലപ്പോഴും കാലില്‍ തണുപ്പുണ്ടാക്കുന്നത്. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ ശ്രദ്ധ പുലര്‍ത്തുക. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.അപകടകരമായ ഒരു അവസ്ഥയാണിത്. കാരണം സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്ബോള്‍ രക്തത്തെ ശരീരം ഹൃദയത്തിലേക്ക് മാത്രമാണ് എത്തിക്കുന്നത്.
ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. കൈകളില്‍ നിന്നും കാലുകളില്‍ നിന്നും രക്തം എത്താത്ത അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയില്‍ കൈകാലുകളില്‍ അമിതമായ തണുപ്പ് അനുഭവപ്പെടുന്നു.തണുപ്പിനെ പ്രതിരോധിക്കുന്നതിനായി സോക്സ് ധരിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് കൂടാതെ ചെറിയ രീതിയിലുള്ള വ്യായാമം കാലിന് നല്‍കാം. കാല്‍ വലിച്ച് നീട്ടുകയോ ഇടക്കിടക്ക് ചലിപ്പിക്കുകയോ ചെയ്യുക. പുകവലി പോലുള്ള ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തേണ്ടതാണ്. കൊളസ്ട്രോള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം തേടുക, സമ്മര്‍ദ്ദം കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത് കൂടാതെ ഭക്ഷണത്തില്‍ കൂടുതല്‍ അയണ്‍, വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.