ഉഭയകക്ഷി വ്യാപാരത്തിന് ഇനി അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു.
ഇന്ത്യന്‍ രൂപയിലും ബംഗ്ലദേശിന്റെ ടാക്കയിലും ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ബെംഗളൂരുവില്‍ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തോട് അനുബന്ധിച്ചു നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ബംഗ്ലദേശ് ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് താലൂക്ദര്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്ബോള്‍ വിനിമയ നിരക്കിലും മറ്റും വരുന്ന കുറവ് ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കും. നിലവില്‍ യുഎസ് ഡോളറില്‍ വ്യാപാരം നടത്തി പിന്നീടത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റണം.
ഇരട്ട കറന്‍സി എന്ന ആശയം ചര്‍ച്ചയിലാണെന്നും ഇരു രാജ്യങ്ങളുടെയും സെന്‍ട്രല്‍ ബാങ്ക് അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ രൂപപെടുത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ തന്നെ ഇതാരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ രൂപയിലെയും ടാക്കയിലെയും വ്യാപാരം സെറ്റില്‍മെന്റ് ചെലവും വിനിമയനിരക്കും കുറയ്ക്കും, ഇത് ഇരു രാജ്യങ്ങളിലെയും വ്യാപാരികള്‍ക്ക് പ്രയോജനകരമാകും. നിലവില്‍ ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ അമേരിക്കന്‍ ഡോളറിലാണ് നടക്കുന്നത്. അത് പിന്നീട് രൂപയോ ടാക്കയോ ആയി മാറ്റിയെടുക്കേണ്ടി വരും. ഇത് ഇരുപക്ഷത്തിനും ചില വിനിമയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പങ്കെടുത്ത ദേശീയ സാമ്ബത്തിക കൗണ്‍സില്‍ യോഗത്തില്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ താലൂക്ദര്‍ രൂപ – ടാക്ക വ്യാപാരം ഇന്ത്യയിലേക്കുള്ള പണമിടപാടുകളുടെ വലിയ അളവ് കണക്കിലെടുത്ത് വിദേശ കറന്‍സിയുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു.
ബംഗ്ലാദേശ് ഗവണ്‍മെന്റ് അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് ഏകദേശം 2 ബില്യണ്‍ ഡോളറാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യയില്‍ ചികിത്സ, ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവഴിക്കുന്നത്. കൂടാതെ ബംഗ്ലാദേശിലേക്കുള്ള ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശികള്‍ക്ക് ഇരട്ട കറന്‍സി കാര്‍ഡ് ഉണ്ടാകുമെന്നും താലുക്ദാര്‍ പറഞ്ഞു. യാത്ര ചെയ്യുന്നതിന് മുമ്ബ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിച്ച് കാര്‍ഡ് ലോഡ് ചെയ്യാം, തിരിച്ചും ഇത് അനുവദിക്കും. ഇന്ത്യയിലെ ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും ഡോളര്‍ ഉള്‍പ്പെടാത്തതിനാല്‍ അവരുടെ ബില്ലുകള്‍ വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ ഈ ക്രമീകരണം സഹായിക്കും.
ഈ തീരുമാനത്തോടെ കരുതല്‍ ധനത്തിനായുള്ള സമ്മര്‍ദ്ദം വളരെയേറെ കുറഞ്ഞതായും, കയറ്റുമതി വരുമാനവും പണമയയ്ക്കല്‍ വരുമാനവും കൊണ്ട് ഇറക്കുമതി ബില്ലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതായും താലൂക്ദാര്‍ പറഞ്ഞു. അതേസമയം മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള ഡോളറിന്റെ ഒഴുക്ക് കൂടി തടയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.