ചൂടില്‍ നെല്ലിന് തൂക്കം കുറയുന്നു; നഷ്ടം സഹിച്ച്‌ കര്‍ഷകര്‍

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

കുട്ടനാട്: കനത്ത വേനല്‍ച്ചൂടില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു. നെല്‍ക്കാമ്ബ് ഉണങ്ങിക്കരിയുന്നതിനാല്‍ നെല്ലിന്‍റെ തൂക്കം കുറഞ്ഞ് കര്‍ഷകര്‍ നഷ്ടം സഹിക്കുകയാണ്.

ഏക്കറിന് 20 ക്വിന്റലില്‍ താഴെ മാത്രം ലഭിക്കുന്നതിനാല്‍ കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു.

സാധാരണ വിളവെത്താറാകുമ്ബോള്‍ മഴ ലഭിക്കുകയും നെല്ലിന് നല്ല ദൃഢതയുണ്ടാകുകയും ചെയ്യാറുണ്ട്. എന്നാല്‍, മഴ കുറഞ്ഞതോടെ നെല്‍ക്കതിരുകള്‍ ഉണങ്ങുകയാണ്. പാഡി മാര്‍ക്കറ്റിങ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് കിഴിവിന്റെ അളവ് കുറക്കുന്നുണ്ടെങ്കിലും മില്ലുടമകളുടെ ഏജന്റുമാര്‍ അഞ്ച് മുതല്‍ ഒമ്ബത് കിലോ വരെ കിഴിച്ചാണ് നെല്ല് വാങ്ങുന്നത്. മുട്ടാര്‍ പഞ്ചായത്തിലെ ഇന്ദ്രാണി കാച്ചാങ്കേരി പാടത്തെ കര്‍ഷകര്‍ കിഴിവ് കൊടുക്കാത്തതിന്റെ പേരില്‍ ഒരാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചിട്ടില്ല.

പുഞ്ചക്കൊയ്ത്തില്‍ തിങ്കളാഴ്ച വരെ 65 ലോഡ് നെല്ല് കായല്‍ നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കായലിന്റെ കിഴക്കും വടക്കും തെക്കും ബണ്ടരികില്‍ പ്ലാസ്റ്റിക് ഷീറ്റ് നിരത്തി അതിലാണ് നെല്ല് നിരത്തിയിട്ടുള്ളത്. നെല്ലിന് കാവലിരിക്കുന്ന കര്‍ഷകര്‍ രാപ്പകല്‍ ബണ്ടില്‍തന്നെ താമസിക്കുകയാണ്. മഴ, കീടബാധ, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം നെല്ല് മോശമായ സമയത്തുപോലും സംഭരണം വേഗം നടക്കാറുണ്ടായിരിക്കെയാണ് വേനലില്‍ സംഭരണം വൈകുന്നത്.

അന്യായമായി കിഴിവ് വാങ്ങിയെടുക്കാന്‍ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരെ മില്ലുടമകള്‍ കരുവാക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്തുകൂട്ടിയ നെല്ല് പാടത്തിട്ടു വിലപേശുന്ന അവസ്ഥയാണ്. കിഴിവ് വാങ്ങുന്നതിന്റെ കണക്ക് സമര്‍പ്പിക്കുകയും അതിന്റെ വില നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുകയും വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥ പ്രതികൂലമാകുന്നതിന് മുമ്ബ് കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥലത്തെത്തിച്ചിരുന്നു. ജില്ലയില്‍ ഇതുവരെ 8822 മെട്രിക് ടണ്‍ നെല്ല് സപ്ലൈകോ സംഭരിച്ചു. ഏകദേശം 4000 ഹെക്ടറില്‍ വിളവെടുപ്പ് കഴിഞ്ഞു. ഇക്കുറി വിളവു കുറയാന്‍ കാരണം അമിത ചൂടാണ്. കുറഞ്ഞത് 25 ക്വിന്റല്‍ നെല്ല് ലഭിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.


Share on

Tags