ഇന്ത്യയ്ക്ക് നിർണായകം; ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023


ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലഖ്‌നൗവിൽ. ആദ്യ മത്സരം തോറ്റതോടെ ഹാർദിക് ബ്രിഗേഡിന് ഈ മത്സരം ഏറെ നിർണായകമാണ്. ഇന്ന് തോറ്റാൽ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമാകും. അതേസമയം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ എല്ലാ ടി20 പരമ്പരകളും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഈ പരമ്പരയിലും തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യൻ നിരയിൽ മാറ്റം ഉണ്ടയേക്കും എന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ഇഷാൻ കിഷനും ദീപക് ഹൂഡയ്ക്കും പകരം ജിതേഷ് ശർമ്മയെയും പൃഥ്വി ഷായെയും ടീമിൽ ഉൾപ്പെടുത്തിയേക്കാം. ആദ്യ ടി20യിൽ തോറ്റെങ്കിലും വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനം ഇന്ത്യക്ക് അനുകൂലമായി. സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ആറാം നമ്പറിൽ 28 പന്തിൽ നിന്ന് 50 റൺസ് നേടുകയും ചെയ്തു.

മറുവശത്ത് രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് കിവി ടീമിന്റെ ആഗ്രഹം. ഡെവൺ കോൺവെയിൽ നിന്നും ഡാരിൽ മിച്ചലിൽ നിന്നും വീണ്ടും വലിയ ഇന്നിംഗ്‌സുകൾ ടീം പ്രതീക്ഷിക്കുന്നു. ഏകാന സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മുതലാണ് മത്സരം. ഇന്ത്യയും ന്യൂസിലൻഡും 23 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇരുവരും 10 വീതം ജയിച്ച് ഒപ്പത്തിനൊപ്പം നില്കുന്നു. മൂന്ന് മത്സരങ്ങൾ സമനിലയിൽ. ഇന്ത്യയിൽ ഒമ്പത് തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. ഇതിൽ അഞ്ച് തവണ ഇന്ത്യ വിജയിച്ചപ്പോൾ ന്യൂസിലൻഡ് നാല് കളി ജയിച്ചു.


Share on

Tags