സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ എഫ്‌സിക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇത്തിഫാഖ് എഫ്‌സിക്കെതിരെയാണ് റോണോ ബൂട്ട് കെട്ടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം സൗദി ക്ലബ്ബിലേക്ക് ചേക്കേറിയ റൊണാൾഡോ പിഎസ്ജിക്കെതിരെ റിയാദ് ഇലവനായി രണ്ട് ഗോളുകൾ നേടിയിരുന്നു.
റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11 നാണ് അൽ നാസർ-ഇത്തിഫാഖ് മത്സരം. സൗദി ലീഗിൽ അൽ-ഇത്തിഹാദിന് ഒരു പോയിന്റ് പിന്നിലാണ് അൽ നാസർ എഫ്‌സി ഉള്ളത്. ഇന്നത്തെ എതിരാളികളായ ഇത്തിഫാഖ് എഫ്‌സിയാകട്ടെ 16 പോയിന്റുമായി പത്താം സ്ഥാനത്തും.
അൽ നാസർ vs ഇത്തിഫാഖ് മത്സരം ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യില്ല. സൗദി പ്രോ ലീഗ് മത്സരം ഷാഹിദ് ആപ്പിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.