വനംവകുപ്പ് ചെക് പോസ്റ്റില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

TalkToday

Calicut

Last updated on Feb 6, 2023

Posted on Feb 6, 2023

പത്തനംതിട്ട: വനംവകുപ്പി‍െൻറ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതി‍െൻറ പേരില്‍ സി.പി.എം-സി.ഐ.ടി.യു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. സി.ഐ.ടി.യു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സി.പി.എമ്മി‍െൻറ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന്‍ എന്നിവരെയാണ് ജാമ്യമില്ല വകുപ്പിൽ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാര്‍ട്ടിയുടെ കമ്മിറ്റി കഴിഞ്ഞ് തുലാപ്പള്ളിയില്‍നിന്നും ടാക്‌സി വാഹനത്തിലാണ് ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം രജിത്തും സതീശനും വന്നത്.ശബരിമല പാതയില്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷ‍െൻറ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ ചെക്ക് പോസ്റ്റില്‍ വച്ച് വാഹനം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ നിസാമുദ്ദീന്‍, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. എന്നാല്‍, പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് ബീറ്റ് ഫോറസ്റ്റര്‍മാരെ തെറി വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നെന്ന് പറയുന്നു. ഞായറാഴ്ച രാവിലെ വനംവകുപ്പ് ജീവനക്കാര്‍ പമ്പ സ്‌റ്റേഷനില്‍ കൈയേറ്റ ദൃശ്യങ്ങള്‍ സഹിതം പരാതി നൽകിയതിനെ തുടർന്ന്  ഇവരുടെ മൊഴിയെടുത്ത് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വൈകുന്നേരത്തോടെയാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്.

Share on

Tags