മലപ്പുറം: കേരളത്തിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്തുന്നതിൽ സ്വകാര്യമേഖല സർക്കാർ മേഖലയെ ബഹുദൂരം പിന്നിലാക്കി. 2020-ൽ ഇവിടെ ആകെയുള്ള 34 പരിശോധനാ കേന്ദ്രങ്ങളിൽ 22 എണ്ണം സർക്കാർമേഖലയിലും 12 എണ്ണം സ്വകാര്യമേഖലയിലുമായിരുന്നെങ്കിൽ 2023-ൽ ആകെയുള്ള 198 കേന്ദ്രങ്ങളിൽ 52 എണ്ണം മാത്രമാണ് സർക്കാർ മേഖലയിൽ. ബാക്കി 146 എണ്ണം സ്വകാര്യ മേഖലയിലാണ്. കോവിഡ് ഭീഷണി വീണ്ടും ശക്തമായ സാഹചര്യത്തിലാണ് ഐ.സി.എം.ആർ. പുതിയ കണക്ക് പുറത്തുവിട്ടത്.
രാജ്യത്താകെയും ഇപ്പോൾ സ്വകാര്യ മേഖലയിലാണ് എണ്ണം കൂടുതൽ. 2020-ൽ രാജ്യത്ത് ആകെയുള്ള 877 കേന്ദ്രങ്ങളിൽ 637 എണ്ണവും സർക്കാർ മേഖലയിലായിരുന്നു. സ്വകാര്യമേഖലയിൽ 240 ഉം. 2023 ആയപ്പോൾ 3394 ആയി. ഇതിൽ സർക്കാർ മേഖലയിൽ 1454 എണ്ണമുണ്ട്. സ്വകാര്യമേഖലയിൽ 1940 എണ്ണവും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ഏതാനും ദിവസം മുമ്പ് പുറത്തുവിട്ട കണക്കാണിത്.
കോവിഡ് പരിശോധനയ്ക്ക് കേരളത്തിൽ സ്വകാര്യ മേഖല 300 രൂപയോളം ഫീസ് ഈടാക്കുമ്പോൾ സർക്കാർ മേഖലയിൽ സൗജന്യമാണ്. പ്രവർത്തനം നിലച്ച കോവിഡ് പരിശോധനാകേന്ദ്രങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീണ്ടും സജീവമാക്കിയിട്ടുമുണ്ട്.
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആർ.ടി.പി.സി.ആർ. കേന്ദ്രങ്ങൾ- ഏഴ് എണ്ണം. കാസർകോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും എറണാകുളത്തും ഓരോ കേന്ദ്രങ്ങളാണ് സർക്കാർ മേഖലയിൽ. സ്വകാര്യമേഖലയിൽ എറണാകുളത്ത് 21 കേന്ദ്രങ്ങളുണ്ട്. കോഴിക്കോട് 18, തിരുവനന്തപുരത്ത് 15 എന്നിങ്ങനെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലും വയനാടും കാസർകോട്ടും ഒരു സ്വകാര്യ പരിശോധനാ കേന്ദ്രം മാത്രമാണുള്ളത്.
ട്രൂനാറ്റ് പരിശോധനാ കേന്ദ്രങ്ങൾ സർക്കാർ മേഖലയിൽ ഏറ്റവുംകൂടുതൽ പാലക്കാടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ല എന്നീ ജില്ലകളിൽ സർക്കാർ മേഖലയിൽ ട്രൂനാറ്റ് പരിശോധനയില്ല.
സ്വകാര്യമേഖലയിൽ കോഴിക്കോട്ട് ഏഴ് എണ്ണമുണ്ടെങ്കിൽ ആലപ്പുഴയിലും കണ്ണൂരും ട്രൂനാറ്റ് പരിശോധനാ കേന്ദ്രങ്ങളില്ല. കാസർകോട്ട് ഒന്നു മാത്രമാണ് സ്വകാര്യമേഖലയിലുള്ളത്.

Previous Article