പ്രവാസികള്‍ക്ക് ചെലവ് കൂടും; മരുന്നിന് പണം നല്‍കണം, പുതിയ ചികിത്സാ നിരക്ക് നിലവില്‍

TalkToday

Calicut

Last updated on Dec 19, 2022

Posted on Dec 19, 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി. കുവൈത്തിലെ താമസക്കാരും ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളും മരുന്നിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ അവാദി അറിയിച്ചു. ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനുമാണ് പുതിയ സംവിധാനം. പുതിയ തീരുമാനം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു.

ഇന്‍ഷുറന്‍സ് ഉള്ളവരും ഉയര്‍ന്ന മെഡിക്കല്‍ ഫീസ് നല്‍കണമെന്ന് വ്യവസ്ഥയുള്ള മന്ത്രിതല തീരുമാനത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാര്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാര്‍ എന്നിങ്ങനെയാണ് അധിക മരുന്നു നിരക്കുകള്‍. മുമ്പ് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലും രണ്ടു ദിനാറാണ് പരിശോധന ഫീസ്. മരുന്നുകള്‍ സൗജന്യമായിരുന്നു. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനയ്ക്ക് 10 ദിനാറാണ്. പുതിയ തീരുമാനത്തോടെ രണ്ടു ദിനാര്‍ പരിശോധനാ ഫീസായി നിലനിര്‍ത്തും. മരുന്നുകള്‍ക്ക് അഞ്ച് ദിനാര്‍ അധികം നല്‍കേണ്ടിയും വരും.

ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനാ ഫീസ് 10 ദിനാര്‍ തന്നെ ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇവിടെ പരിശോധനയ്ക്കും മരുന്നിനുമായി 20 ദിനാര്‍ വേണ്ടി വരും. ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ മേഖലകളാണെന്ന് വ്യക്തമാക്കിയിട്ടില്ല.


Share on

Tags