ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട സംഘർഷം; കണ്ണൂരിൽ യുവാക്കളെ വെട്ടിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി

TalkToday

Calicut

Last updated on Dec 23, 2022

Posted on Dec 23, 2022

കണ്ണൂർ: പള്ളിയാംമൂലയിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി. പള്ളിയാംമൂല സ്വദേശി വിനോദനാണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പള്ളിയാംമൂലയിലെ അനുരാഗിനായിരുന്നു വെട്ടേറ്റത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണുന്നതിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ 6 പ്രതികളെ ടൗൺ ഇൻസ്പെക്ടർ പിഎ ബിനു മോഹൻ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

സംഘർഷത്തിൽ അനുരാഗിന് പുറമെ, ആദർശ്,  അലക്സ്, നകുൽ എന്നിവർക്കും വെട്ടേറ്റിരുന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. അർജന്റീനയുടെ വിജയത്തിൽ ആരാധകർ ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ചിലർ വന്ന് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തലശ്ശേരിയിലും സമാനമായ നിലയിൽ സംഘർഷം ഉണ്ടായിരുന്നു. ഇവിടെ ആഘോഷ പരിപാടിക്കിടെ  എസ്ഐക്കാണ് മർദ്ദനമേറ്റത്. രാത്രി രണ്ട് മണിയോടെ ബൈക്കിൽ അമിത വേഗതയിൽ പോവുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനുമാണ് ഇവർക്കെതിരെ കേസ്.


Share on

Tags