വടകര: കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിൻ്റെയും ഒഞ്ചിയം പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും ഒന്നാം ക്ലാസിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഏകദിന ശിൽപശാല നടത്തി. പ്രൈമറിതലം മുതൽ കുട്ടികളിലെ സ്വഭാവരൂപീകരണത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക്, പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് എങ്ങനെയൊക്കെ കുട്ടികളെ സഹായിക്കാൻ കഴിയും, വിദ്യാലയങ്ങളുടെ വളർച്ചയ്ക്ക് ഒരു രക്ഷിതാവിനു വഹിക്കാൻ കഴിയുന്ന പങ്ക് തുടങ്ങിയ വിഷയങ്ങളിൽ അക്കാദമിക് വിദഗ്ധർ ശില്പശാലയിൽയിൽ ക്‌ളാസ്സുകളെടുത്തു.
മടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജിത്ത് അധ്യക്ഷനായി. സുനില വി.ജോൺ, ഡോ.ശശികുമാർ പുറമേരി, ഡോ. അബ്ദുൾ നാസർ എന്നിവർ ക്ലാസ് നയിച്ചു.സ്ഥിരംസമിതി അധ്യക്ഷൻ യു.എം സുരേന്ദ്രൻ , ബിന്ദു വള്ളിൽ , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ കെ.കെ ബാലകൃഷ്ണൻ , വൈബ് കോഡിനേറ്റർ എം.എൻ പ്രമോദ്, പി.പി രതീശൻ , പി. കിരൺലാൽ എന്നിവർ സംസാരിച്ചു.