കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

Jotsna Rajan

Calicut

Last updated on Dec 2, 2022

Posted on Dec 2, 2022

മൈസൂരു: കോളജ് വിദ്യാര്‍ത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.

21 വയസ്സുള്ള മേഘ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്ബോഴായിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.

കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മേഘ്‌ന.

മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു.

നരഭോജി പുലിയെ വെടിവെച്ചു കൊല്ലാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാള്‍ പുലിയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.


Share on

Tags