പേരാമ്ബ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 കക്കറമുക്കിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്.
നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രികള്‍ ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററില്‍ നിന്ന് തിളങ്കാഴ്ച്ച വിതരണം ചെയ്തു. വോട്ടിംഗ് മെഷീന്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണല്‍ കേന്ദ്രവും ഫിസിയോ തെറാപ്പി സെന്റര്‍ തന്നെയാണ്. മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 12 മണിയോടെ ഫലവും വരും.ഉപതിരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വരണാധികാരി എ. ജി. ഷാജു മാധ്യമത്തോട് പറഞ്ഞു.
1534 വോട്ടര്‍മാരുള്ള വാര്‍ഡില്‍ ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. സ്ത്രീ സംവരണ വാര്‍ഡായ 15-ാം വാര്‍ഡ് പ്രതിനിധീകരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. ടി. രാധ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിയിലിപ്പോള്‍ ഇരു മുന്നണികള്‍ക്കും ഏഴു വീതം അംഗങ്ങളാണ്. അതുകൊണ്ട് ഈ വാര്‍ഡ് ജയിക്കുന്നവര്‍ക്ക് പഞ്ചായത്ത് ഭരണം കൂടിയാണ് ലഭിക്കുന്നത്. എല്‍.ഡി.എഫും യുഡി.എഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വാര്‍ഡില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫും തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫും പറയുന്നു. സി.പി.ഐയിലെ കെ. സി. ആസ്യയും മുസ്ലിം ലീഗിലെ പി. മുതാംസും തമ്മിലാണ് പ്രധാനമത്സരമെങ്കിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എം. കെ. ശലിനയും രംഗത്തുണ്ട്.
വോട്ടുചെയ്യാന്‍ മാത്രം 50 തോളം ആളുകള്‍ വിദേശത്ത് നിന്ന് ലീവിനെത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതും അപര ശല്യവും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ തവണ 11 വോട്ടിനാണ് സി.പി.ഐയിലെ ഇ. ടി. രാധ വിജയിച്ചത്.