പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ ആരംഭിക്കുന്ന ബസ് സ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിന് മുന്നോടിയായുള്ള ധാരണപത്രം സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.ഇതിന്റെ ഭാഗമായി മാര്‍ച്ച് 14 ന് വ്യവസായമന്ത്രി പി. രാജീവിന്റെ ചേംബറില്‍ യോഗം ചേരും. പൊന്നാനിയുടെ വികസനരംഗത്ത് വലിയ മുന്നേറ്റമാകും ചമ്രവട്ടം ജങ്ഷനില്‍ ആരംഭിക്കുന്ന ബസ് സ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്സ്.
നിര്‍മാണത്തിന് മുന്നോടിയായി നഗരസഭ സ്വകാര്യസംരംഭകനുമായി ഉണ്ടാക്കിയ ധാരണപത്രമാണ് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കുക. നഗരസഭ മുന്നോട്ടുവെച്ച ഉപാധികളും, നിബന്ധനകളും സംരംഭകര്‍ അംഗീകരിച്ചു. 142 കോടി രൂപയുടെ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുക. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നഗരസഭ ഒരു കോടി രൂപയും അനുവദിക്കും.
പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ യോഗവും അനുമതി നല്‍കിയിരുന്നു. ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരുമായി അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് 3.8 ഏക്കര്‍ സ്ഥലം വിട്ടു നല്‍കി. ബസ് സ്റ്റാന്‍റ്, മത്സ്യ- മാംസ മാര്‍ക്കറ്റ്, കംഫര്‍ട്ട് സ്റ്റേഷന്‍, അറവ് ശാല, ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ ബൃഹദ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ദേശീയപാത വികസന ഭാഗമായി പൊന്നാനിയെ പ്രധാന ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചമ്രവട്ടം ജങ്ഷനില്‍ സ്റ്റാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.