പഴകിയ ഭക്ഷണം പിടിച്ചു; വളാഞ്ചേരിയില്‍ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു

TalkToday

Calicut

Last updated on Mar 16, 2023

Posted on Mar 16, 2023

വളാഞ്ചേരി: ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.

ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കരുണ ആശുപത്രി കാന്റീന്‍, നടക്കാവില്‍ ആശുപത്രി കാന്റീന്‍, ഹോട്ടല്‍ ബായി ബായി, ബിസ്മി ബേക്കറി, ഹോട്ടല്‍ നൂരിയ്യ, റോയല്‍ ഗ്രില്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ പൊറോട്ട, ബീഫ്, ചിക്കന്‍, മത്സ്യം, എണ്ണ, ചോറ്, കോഴിമുട്ട, ചപ്പാത്തി, ജിലേബി, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം വില്‍ക്കുന്ന നൂറിയ്യ, ബായി ബായി ഹോട്ടലുകള്‍ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വരുന്ന ഇവിടെ മുമ്ബ് നടത്തിയ പരിശോധനയിലും ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു. ജിലേബി ഉള്‍പ്പെടെ പഴകിയതും പുതിയതും കൂട്ടിച്ചേര്‍ത്താണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വളാഞ്ചേരി നഗരസഭ സെക്രട്ടറി ബി. ഷമീര്‍ മുഹമ്മദിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.

പരിശോധനക്ക് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വി.പി. സക്കീര്‍ ഹുസൈന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡി.വി. ബിന്ദു, പി.പി. ജവഹര്‍ സുഹാസ്, ഹരിത കര്‍മസേന കോഓഡിനേറ്റര്‍ മുഹമ്മദ് അഷ്റഫ്, ഷാജി, സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share on

Tags