പേരാമ്ബ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്ടമായ എല്‍.ഡി.എഫ് വൈസ് പ്രസിഡന്റ് പദവിയും വികസന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളും രാജിവെച്ചു.
വൈസ് പ്രസിഡന്റ് വി.പി. പ്രവിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. മോനിഷ എന്നിവരാണ് ചൊവ്വാഴ്ച സെക്രട്ടറി എം. രാമചന്ദ്രന് രാജി സമര്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.ടി. രാധയുടെ മരണത്തെ തുടര്‍ന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ 15 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് എട്ടു സീറ്റുമായി കേവല ഭൂരിപക്ഷം കരസ്ഥമാക്കി. പ്രസിഡന്റ് പദം നേരത്തെ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചിരുന്നു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് അഞ്ചും മുസ് ലിം ലീഗിന് മൂന്നും സീറ്റാണ് ഉള്ളത്.
എസ്.ടി സംവരണമായ പ്രസിഡന്റ് പദത്തില്‍ എന്‍.ടി. ഷിജിത്ത് തുടരും. വൈസ് പ്രസിഡന്റ് പദം മുസ് ലിം ലീഗിനാണ്. ലീഗിലെ ആദില നിബ്രാസ് ആയിരിക്കും യു.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ഒന്നാം വാര്‍ഡ് നാലു വോട്ടിന് പിടിച്ചെടുത്താണ് ആദില പഞ്ചായത്തിലെത്തിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവിക്കുള്ള ചര്‍ച്ചകള്‍ യു.ഡി.എഫില്‍ നടന്നുകൊണ്ടിരിക്കുകയാണ്.