ബസില്‍ ബഹളംവെച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് വെട്ടേറ്റു

TalkToday

Calicut

Last updated on Mar 22, 2023

Posted on Mar 22, 2023

വടകര: യാത്രക്കിടെ ബസില്‍ ബഹളംവെച്ചത് ചോദ്യം ചെയ്ത ബസ് യാത്രക്കാരനെ സഹയാത്രികന്‍ വെട്ടിപ്പരിക്കേല്‍പിച്ചു.

മുടപ്പിലാവില്‍ സ്വദേശി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ് (67) സഹയാത്രികന്റെ വെട്ടേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കീഴല്‍മുക്ക് ബസ് സ്റ്റോപ്പിലാണ് സംഭവം.

രവീന്ദ്രന്‍ ജോലി കഴിഞ്ഞ് വടകരയില്‍ നിന്നും പേരാമ്ബ്ര ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസിലെ യാത്രക്കാരനായ കൂത്താളി സ്വദേശി ശ്രീനിവാസന്‍ ബസിലെ മറ്റു യാത്രക്കാരോട് അപമര്യാദയായി പെരുമാറിയത് രവീന്ദ്രന്‍ ചോദ്യം ചെയ്തു.

കീഴല്‍ മുക്കില്‍ ബസിറങ്ങിയ രവീന്ദ്രന്‍ ബസിന് സൈഡിലൂടെ നടന്നുപോകവേ ശ്രീനിവാസന്‍ തന്റെ കൈവശം സഞ്ചിയിലുണ്ടായിരുന്ന കൊടുവാളുപയോഗിച്ച്‌ ബസില്‍ നിന്ന് തലയും കൈയും പുറത്തേക്കിട്ട് വെട്ടുകയായിരുന്നു. വലത്തെ കൈക്ക് വെട്ടേറ്റ രവീന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. രവീന്ദ്രനെ വെട്ടിയ ശ്രീനിവാസനെ ബസ് യാത്രക്കാരും നാട്ടുകാരും പിടികൂടി പൊലീസിന് കൈമാറി.


Share on

Tags