തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ അണഞ്ഞതില്‍ പ്രതിപക്ഷത്തിന് ദു:ഖമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് മന്ത്രി പി.
രാജീവ്. നിയമസഭയില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരിഹാസം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്കരിച്ചിരുന്നു.
നാടാകെ ഒന്നിച്ച് നില്‍ക്കേണ്ട ഒരു സാഹചര്യത്തില്‍ പ്രതിപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടിന് കേരളം ഒരിക്കലും മാപ്പ് നല്‍കില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇന്ന് അസാധാരണമായ ഒരു രീതിയാണ് പ്രതിപക്ഷം സ്വീകരിച്ചത്. തീ അണഞ്ഞത് അവരെ വല്ലാതെ ദു:ഖിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്‍റെ ഭാഗമായി തീ അണക്കാന്‍ കഴിഞ്ഞെന്നത് അഭിമാനകരമായ നേട്ടമാണ്.
മാലിന്യത്തിന് തീപിടിക്കുമ്ബോള്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്ത് തീയണയ്ക്കുമ്ബോള്‍ അതില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്ന നിലപാടായിരുന്നു ഇന്ന് സഭയില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ടിയിരുന്നത്. അതിന് പകരം ഇത്തരത്തിലുള്ള രീതി സ്വീകരിച്ചത് തെറ്റാണ് -പി. രാജീവ് പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍ക്കെതിരായ പൊലീസ് നടപടിയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സമാന്തരമായി അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.