അപൂര്‍വ സസ്യങ്ങളുമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം ഒമ്ബത് മുതല്‍

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം ഒമ്ബത് മുതല്‍ പതിനൊന്ന് വരെ സംഘടിപ്പിക്കുന്നു.

പ്രദര്‍ശനം ഒമ്ബതിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രദര്‍ശനം. വിദ്യാര്‍ത്ഥികള്‍ക്ക് 10രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം കരുതണം.

പ്രദര്‍ശനത്തോടനുബന്ധിച്ച്‌ അലങ്കാരച്ചെടികളുടെ വില്‍പനയുണ്ടായിരിക്കും. വൈവിദ്ധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങള്‍, പന്നല്‍ച്ചെടികള്‍, ഇഞ്ചിവര്‍ഗങ്ങള്‍, ജലസസ്യങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍, സ്വദേശിയും വിദേശിയുമായ അപൂര്‍വയിനം വൃക്ഷങ്ങള്‍ എന്നിവയുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്കു വേണ്ടിയുള്ള ടച്ച്‌ ആന്‍ഡ് ഫീല്‍ ഗാര്‍ഡന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്. ഈ വിഭാഗത്തില്‍ അറുപതിലേറെ ഇനങ്ങളിലുള്ള സസ്യങ്ങളെ അവയുടെ ഗന്ധത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. ആനത്താമര മുതല്‍ ഇരപിടിയന്‍ ചെടികള്‍ വരെയുള്ള സസ്യവൈവിധ്യം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് കാനനപാതയിലൂടെ നടന്നാസ്വദിക്കാം.


Share on

Tags