മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി ബോചെ ഖത്തര്‍ ലോകകപ്പിന്

Jotsna Rajan

Calicut

Last updated on Nov 21, 2022

Posted on Nov 21, 2022

തിരുവനന്തപുരം: മറഡോണയുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ മണ്ണില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോചെ, മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി യാത്ര തിരിക്കുന്നു.

വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കുചേരും. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച്‌ ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശവുമായാണ് ബോചെയുടെ പ്രയാണം.

കൂടാതെ’ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്ബോള്‍ കളിക്കും’എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. നവംബര്‍ 21 ന് തിരുവനന്തപുരത്തെ കാര്യവട്ടം കേരള യൂനിവേഴ്സിറ്റി കോളേജില്‍ നിന്ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കിക്കോഫും ഫ്ളാഗ് ഓഫും ചെയ്തുകൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, രമ്യ ഹരിദാസ് എം.പി, കെ. സുരേന്ദ്രന്‍ (ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്), ചിന്താ ജെറോം (സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍) എന്നിവര്‍ കിക്കോഫ് ചെയ്ത് ഈ ഉദ്യമത്തില്‍ പങ്കാളികളാകും.

മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച്‌ കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും. ഒരിക്കല്‍ തന്റെ ആത്മസുഹൃത്തായ മറഡോണക്ക് സ്വര്‍ണഫുട്ബോള്‍ സമ്മാനിച്ച അവസരത്തില്‍ തന്റെ പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’ ഗോളടിക്കുന്ന ഒരു പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ചു നല്‍കാമോയെന്ന് മറഡോണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ബോചെ അത് ചെയ്ത് നല്‍കിയില്ല. ആ കുറ്റബോധം ബോചെക്ക് ഇപ്പോഴുമുണ്ട്. അതിനാലാണ് സ്വര്‍ണത്തില്‍ തീര്‍ത്ത മറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍ ശില്‍പ്പവുമായി ബോചെ ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി യാത്ര തിരിക്കുന്നത് മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ട് തന്റെ ഫുട്ബോള്‍ ജീവിതവും ആരോഗ്യവും സമ്ബത്തും എല്ലാം നശിച്ചെന്നും അതില്‍ കുറ്റബോധം ഉണ്ടെന്നും വരും തലമുറ എങ്കിലും ഈ വിപത്തില്‍ നശിച്ച്‌ പോകരുതെന്നും മറഡോണ ആഗ്രഹിച്ചിരുന്നു.

ഇതിന്റെ ഭാഗമായി വരും തലമുറയെ ലഹരിമുക്തരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ആഗ്രഹം ബോചെയോട് പ്രകടിപ്പിച്ചിരുന്നു. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ക്യാമ്ബസ് ക്യാംപെയ്നിന്റെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് ‘കോടി ഗോള്‍’ അടിച്ചും ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നു.

ഇന്ത്യയിലെ എല്ലാ ഫുട്ബോള്‍ പ്രേമികളുടെയും പോലെ ബോചെയുടെയും എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുക എന്നത്. ഇക്കാര്യം മറഡോണയെ അറിയിച്ചപ്പോള്‍ ബോചെയുടെ ആഗ്രഹം സാധിക്കുന്നതിനായി എഎഫ്‌എഎഫ്റ്റിഐ (അര്‍ജന്റീന ഫുട്ബോള്‍ അക്കാദമി ഫുട്ബോള്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) മായി സഹകരിച്ച്‌ അന്താരാഷ്ട്ര പരിശീലകരുടെ സേവനം ലഭ്യമാക്കാമെന്ന് മറഡോണ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ്, മികച്ച ഫുട്ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കുന്നതിനായി എഎഫ്‌എഎഫ്റ്റിഐയുടെ സഹകരണത്തോടെയുള്ള പദ്ധതി ബോചെ ആസൂത്രണം ചെയ്യുന്നത്.

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.

താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവു ന്നതാണ്. ഇത് നിങ്ങള്‍ക്ക് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.


Share on

Tags