തൃശൂർ ആര്യംപാടത്ത് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കർ (23) ആണ് മരിച്ചത്. പരുക്കേറ്റ ഗോപി (22), വീരാങ്കൻ (28) എന്നിവർ മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴി കയറ്റിവന്ന ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പുലർച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. കാലങ്ങളായി ടെയിൽ പണിയുമായി ബന്ധപ്പെട്ട് ദേശമംഗലത്ത് കഴിയുന്നയാളാണ് മരിച്ച ശങ്കർ. അങ്കമാലിയിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. പൊലീസ് പിക്കപ്പ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം കോവളത്തും ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചാണ് യുവതി മരിച്ചത്.
കോവളത്ത് നടന്ന അപകടത്തിൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. യുവതിയെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു.