പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണക്കുന്നതിന് അഗ്നിരക്ഷാ സേന നടത്തുന്നത് സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനം.
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഫയര്‍ യൂനിറ്റുകളിലെ ഇരുനൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിക്കുന്നു.

110 ഏക്കറില്‍ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യം പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 70 ശതമാനം പ്രദേശത്തെ പുകയല്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക് കൂമ്ബാരത്തിലേക്ക് ഒരു മിനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് അടിച്ചുകൊണ്ടിരിക്കുന്നത്. വലിയ പമ്ബുകളില്‍ കടമ്ബ്രയാറില്‍നിന്ന് വെള്ളം അടിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് നാലടി താഴ്ചയില്‍ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്ബ് ചെയ്താണ് പുക പൂര്‍ണമായും അണക്കുന്നത്. കൂടാതെ 20 ഫയര്‍ ടെന്‍ഡറുകളുമുണ്ട്.ഒരു ഫയര്‍ ടെന്‍ഡറില്‍ 5000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ട്. ഫയര്‍ ടെന്‍ഡറുകള്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്ബുകളില്‍ വെള്ളം അടിക്കുന്നത്. ചെയിന്‍ഡ് എക്സ്കവേറ്ററാണ് ചവര്‍ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്.

ചില സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്.വളരെ അപകടകരമായ രീതിയില്‍ ഏറെ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് റീജനല്‍ ഫയര്‍ ഓഫിസര്‍ സുജിത് കുമാര്‍ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണക്കാനുള്ളത്.