പൂച്ചാക്കല്‍: യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. പള്ളിപ്പുറം കളത്തില്‍ അഖില്‍ നിവാസില്‍ അഖില്‍ വിജയിനെയാണ് (ഉണ്ണിക്കുട്ടന്‍ -36) വീട്ടില്‍ കയറി ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് വെട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് കളത്തില്‍ കോച്ചേരിമഠം വിമല്‍ദേവ് (36), മാവിന്‍ചുവട് ശ്യാംകുമാര്‍ (26), അഞ്ചാം വാര്‍ഡില്‍ രാഹുല്‍ മന്ദിരത്തില്‍ രാഹുല്‍ (26) എന്നിവരെയാണ് പൂച്ചാക്കല്‍ സി.ഐ അജയ് മോഹന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒമ്ബതരയോടെ അഖിലിന്‍റെ ഭാര്യാവീടായ മണപ്പുറത്തുവെച്ചാണ് മൂന്നംഗസംഘം വീട് കയറി ആക്രമിച്ചത്.തലക്കും കൈകള്‍ക്കും വെട്ടേറ്റ അഖിലിനെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തേ, ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന അഖില്‍ വിജയ് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നതായി പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ച തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.എസ്.ഐ ജേക്കബ്, സി.പി.ഒ മാരായ ശിവപ്രസാദ്, ഷാജി ജോസഫ്, പ്രജീഷ്, അരുണ്‍, ഗിരീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.