പ്രിയപ്പെട്ട സഖാവ് കോടിയേരി വിട വാങ്ങി: പയ്യാമ്പലത്ത് ഇന്ന് വൈകീട് 3 ന് ശവസംസ്കാര ചടങ്ങ്

TalkToday

Calicut

Last updated on Oct 6, 2022

Posted on Oct 3, 2022

പോളിറ്റ് ബ്യൂറോ അംഗവും മുൻ സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരളീയ പൊതു സമൂഹത്തിനാകെ തീരാനഷ്ടം സൃഷ്ടിച്ചുകൊണ്ട് നമുക്ക് മുന്നിൽ വിടവാങ്ങി. പിറന്ന മണ്ണിൽ അവസാനമായി ഇന്ന് പയ്യാമ്പലത്ത് ശവസംസ്കാര ചടങ്ങ് 3 മണിയോടെ നടക്കും. ദീർഘനാളായി അർബുദ ബാധിതനായിരുന്നു അദ്ദേഹം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. കണ്ണൂർ തലശ്ശേരി കോടിയേരി മൊട്ടമ്മ വീട്ടിൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 നായിരുന്നു ജനനം. മാഹി എം.ജി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കിയത്.

രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം സി പി എമ്മിന്റെ സൗമ്യ മുഖവുമായിരുന്നു. സംഘർഷ വേളകളിലെ സമാധാന ദൂതൻ എന്നായിരുന്നു പാർട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഏതൊരു കടുത്ത വെല്ലുവിളികളെയും മുൾമുനയിൽ നിർത്തി ചെറുപുഞ്ചിരിയോടെ പാർട്ടി നേരിടുന്ന അക്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനും അതിൽ സമാധാനം നിലനിർത്തി കൊണ്ടുവരാനും വിജയം കൈവരിക്കാനും അദ്ദേഹത്തിന് സാധിച്ചു. വിപ്ലവത്തിന്റെ കനൽവഴികളിൽ സുപ്രധാന പങ്ക് അദ്ദേഹം വഹിക്കുകയും ഉറച്ച രാഷ്ട്രീയ നിലപാടുകളോടെയും ശക്തമായും അദ്ദേഹം പോരാടി.കണ്ണൂരിൽ കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറിയപ്പോൾ  അത്തരം സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാനും കോടിയേരി മുൻകൈയെടുത്തു.

പതിനാറാം വയസ്സിലായിരുന്നു തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ചിറകു വിരിച്ചത്. 1970 ൽ ഈങ്ങയിൽ പീടിക ബ്രാഞ്ച് സെക്രട്ടറിയായി.  1973 ൽ ഇരുപതാം വയസ്സിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം കടന്നുവരുന്നത്. 1980 മുതൽ 82 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറിയായി. തുടരെയുള്ള വർഷങ്ങളിൽ നിയമസഭാംഗമാകുകയും സംസ്ഥാന സമിതി അംഗവുമാകുകയും ചെയ്തു.
1990 മുതൽ 95 വരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. അഞ്ചുതവണ തലശ്ശേരി എം.എൽ.എയും ആയി. 2008 കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോ അംഗമായി.

2015 ഫിബ്രവരി 23 ന്  വളരെയധികം ശ്രദ്ധനേടിയ  സമ്മേളനം ആയിരുന്നു ആലപ്പുഴ സമ്മേളനം. വിഎസ് - പിണറായി തമ്മിലുള്ള വിഭാഗീയ സംഘർഷത്തിൽ പിണറായിയുടെ ഇരട്ട സഹോദരനായിട്ട് പോലും ഇരുപക്ഷവും  യോജിപ്പിക്കാൻ ശ്രമിച്ച ആളായിരുന്നു കോടിയേരി. അന്നു നടന്ന സമ്മേളനത്തിൽ വി എസിന്റെ ഇറങ്ങിപ്പോക്കലിലാണ് 2015 ൽ പിണറായിയുടെ പിൻഗാമിയായി കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറിയാവുന്നത്. മൂന്നുതവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായത്. 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലും, 2018 തൃശ്ശൂർ സമ്മേളനത്തിലും 2002 മാർച്ച് എറണാകുളം സമ്മേളനത്തിലുമാണ്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ജനമൈത്രി പോലീസ് സംവിധാനം നടപ്പിലാക്കിയത്. കൂടാതെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ഭരണത്തിലെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവരാൻ അദ്ദേഹം മികച്ച പ്രകടനമാണ് ഭരണ മേഖലയിൽ കാഴ്ചവച്ചത്. ടൂറിസം മന്ത്രിയെന്ന നിലയിൽ ഈ മേഖലയിലും അദ്ദേഹം     തന്റെതായ കയ്യൊപ്പ് ചാർത്തിയിരുന്നു.തലശ്ശേരി കേന്ദ്രീകരിച്ച് ഉത്തരകേരള പൈതൃക ടൂറിസം പദ്ധതിയും, കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പൈതൃക ടൂറിസം പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു നടപ്പിലാക്കി.

ജനങ്ങളുടെ പ്രിയ നേതാവായി മാറിയ കോടിയേരി ഇനി ഓർമ്മകളിൽ മാത്രം  അവശേഷിച്ചു കൊണ്ട് ഈ വിയോഗത്തിൽ അനുശോചിക്കുകയും  ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Story created by Jotsna Rajan


Share on

Tags