'എന്നോടുപറഞ്ഞ കാര്യങ്ങളേ ബാബുച്ചേട്ടൻ ആ വേദിയിലും പറഞ്ഞിട്ടുള്ളൂ'; മുകുന്ദനുണ്ണി പ്രശ്നത്തിൽ വിനീത്

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ നായകന്റെ എല്ലാ സ്വഭാവത്തോടും തനിക്ക് യോജിപ്പില്ലെന്ന് നടനും ​ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കഴിഞ്ഞദിവസം തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകുന്ദനുണ്ണി വിശ്വസിക്കുന്ന നാല് കാര്യങ്ങളായ അച്ചടക്കം, അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിൽ വിശ്വാസമുണ്ടെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങളിൽ യോജിപ്പില്ല. സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാം. തന്നെ വിളിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളേ ബാബുച്ചേട്ടൻ ആ വേദിയിലും പറഞ്ഞിട്ടുള്ളൂ. സിനിമയേക്കുറിച്ചുള്ള ചർച്ചകൾ നടക്കട്ടെ. അങ്ങനെ ചർച്ചകൾ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും വിനീത് പറഞ്ഞു.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ നടൻ ഇടവേള ബാബു പറഞ്ഞ അഭിപ്രായം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സിന് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് അറിയില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. മുഴുനീളം നെഗറ്റീവാണ് ഈ സിനിമ. ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത്. ഇതിവിടെ എങ്ങനെ ഓടിയെന്ന് മനസ്സിലാകുന്നില്ല. ഇവിടെ ആര്‍ക്കാണ് മൂല്യചുതി സംഭവച്ചത് സിനിമക്കാര്‍ക്കോ പ്രേക്ഷകനോ? എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കം'. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 26-ന് തീയേറ്റര്‍ റിലീസിനെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Share on

Tags