വടകര: അഴിയൂർ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിനായി സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സർക്കാർതലത്തിൽ ഇടപെടൽ നടത്തുമെന്ന് കെ.കെ.രമ എം.എൽ.എ. അഴിയൂർ ജി.എം.ജെ.ബി സ്‌കൂളിന് സമീപമുള്ള ബി.ആർ.സി ബിൽഡിംഗ് പ്രവർത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

കഴിഞ്ഞ 23 വർഷത്തോളമായി അഴിയൂരിൽ പ്രവർത്തിച്ചു വരുന്ന ബഡ്സ് സ്‌കൂൾ ഇപ്പോഴും രജിസ്‌ട്രേഷൻപോലും പൂർത്തിയാകാതെ അവഗണ നേരിടുകയാണ്. 15 മുതൽ 45 വയസ്സുവരെ വരെ പ്രായമുള്ള നാൽപതോളം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോൾ ഇവിടെയുണ്ട്. കൂടുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്രയമാകേണ്ട സ്ഥാപനം സ്വന്തമായി കെട്ടിടമില്ലാത്തതിനാലും,അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലും ഭീഷണി നേരിടുകയാണ്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലും, പഞ്ചായത്തു വൃദ്ധ സദനത്തിലുമെല്ലാം മാറി മാറി പ്രവർത്തിച്ചു വന്ന സ്‌കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ബി.ആർ.സി യുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ്. കാലപ്പഴക്കത്താൽ അറ്റകുറ്റ പണികൾ പൂർത്തീകരിക്കാതെ ഫിറ്റ്‌നസ് നൽകാൻ കഴിയാത്തതിനാൽ ഇപ്പോൾ ഈ കെട്ടിടത്തിലും സ്‌കൂളിന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ വിദ്യാഭ്യാസ വകുപ്പുമായി ഇടപെട്ട് ബി.ആർ.സി കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന സ്ഥലം ബഡ്സ് സ്‌കൂളിന് ലഭ്യമാക്കാനായി ശ്രമിക്കുമെന്നും കുട്ടികൾക്ക് തൊഴിൽ പരിശീലനമുൾപ്പെടെയുള്ള ആധുനിക സൗകര്യത്തോടുകൂടിയ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് മുൻകൈ എടുക്കുമെന്നും എം.എൽ.എ വ്യക്താമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, കെ.ലീല, അനിഷ ആനന്ദസദനം, സാലിം പുനത്തിൽ, സാജിത് നെല്ലോളി, സെക്രട്ടറി ഇ.അരുൺകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.