കോട്ടയം: ജില്ലയിലെ കല്ലറ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
സ്വകാര്യ വ്യക്തി വളര്‍ത്തിയിരുന്ന താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പാടശേഖരത്തിലുണ്ടായിരുന്ന 5066 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകര്‍മസേന കൊന്ന് സംസ്‌കരിച്ചു. 65ദിവസം പ്രായമായ താറാവുകളെയാണ് കൊന്നത്. പ്രദേശത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുന്ന നടപടികളും അണുനശീകരണവും വെള്ളിയാഴ്ചയും തുടരും.
കല്ലറ പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. സന്തോഷിന്റെ സഹായത്തോടെ ചേന്നാട് വെറ്ററിനറി സര്‍ജന്‍ ഡോ. റിയാസ് നേതൃത്വം നല്‍കുന്ന ദ്രുതകര്‍മസേനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരിയും ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. മനോജ് കുമാറും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈമാസം ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പക്ഷികളെ കൊന്നിരുന്നു.