കോഴിക്കോട്: നേരും നെറിയുമുള്ള ഓട്ടോക്കാരാണ് കോഴിക്കോട്ടുള്ളത്. അമിത ചാര്‍ജില്ല. മീറ്ററില്‍ കാണുന്നത് കൊടുത്താല്‍ മതി.
സത്യസന്ധതക്ക് പേരുകേട്ടവര്‍... അങ്ങനെ മറുനാട്ടുകാരും പറയാറുണ്ട് കോഴിക്കോടന്‍ ഓട്ടോ പെരുമ...കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് സ്കൂള്‍ കലോത്സവത്തിനെത്തുന്ന കലാകാരന്മാര്‍ക്കും ഇനി ആ ഓട്ടോ പെരുമകള്‍ നേരിട്ടറിയാം.
മത്സരത്തിനെത്തുന്ന കലാപ്രതിഭകള്‍ക്ക് ഗതാഗത കമ്മിറ്റിയുടെ സ്റ്റിക്കര്‍ പതിച്ച് ഓടുന്ന തിരഞ്ഞെടുക്കപ്പെട്ട ഓട്ടോകളില്‍ യാത്ര ഇനത്തില്‍ മീറ്റര്‍ തുകയില്‍നിന്ന് മൂന്നു രൂപ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോക്കാര്‍. മാത്രമല്ല, രാത്രികാല സര്‍വിസിന് നിശ്ചയിച്ച അധിക ചാര്‍ജ് ഈടാക്കുന്നത് നേരത്തേ 10 മണിക്കുശേഷമായിരുന്നു. അത് 11.30ന് ശേഷമാക്കാനും തീരുമാനിച്ചു. ഗതാഗത വകുപ്പ് വിളിച്ചുചേര്‍ത്ത ഓട്ടോ ഡ്രൈവേഴ്സ് യൂനിയന്‍ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ യൂനിയനുകളുടെ നേതാക്കന്മാരും യോഗത്തില്‍ പങ്കെടുത്തു.2020ല്‍ കാഞ്ഞങ്ങാട് കലോത്സവം നടന്നപ്പോള്‍ മത്സരാര്‍ഥികള്‍ക്കായി ഓട്ടോറിക്ഷയിലും ഭക്ഷണശാലകളിലും കച്ചവടസ്ഥാപനങ്ങളിലും പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചായിരുന്നു നാട്ടുകാര്‍ വരവേറ്റത്.