പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെയാണ് കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ചേരാനല്ലൂർ വിഷ്ണുപുരം വേണാട്ട് വീട്ടിൽ ബാബുരാജ് എന്ന കണ്ണനെ(51) പൊലീസ് അറസ്റ്റു ചെയ്തു.
പോക്സോ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബേക്കറി കത്തിച്ചതിന് കുട്ടിയുടെ പിതാവും അറസ്റ്റിലായി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്ഥലത്ത്നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടിൽ പറയുകയായിരുന്നു.
ഇതുകേട്ട് രോഷാകുലനായ അച്ഛൻ രാത്രി എട്ടുമണിയോടെ കടയിലെത്തുകയും കടയ്ക്കു തീയിടുകയുമായിരുന്നു. കട ഭാഗികമായി കത്തി നശിച്ചു. അറസ്റ്റ് ചെയ്ത രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.