കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നഷ്ടമായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി സി.പി.എം. അംഗം ബിനു പുളിക്കക്കണ്ടം. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ മാറ്റാന്‍ സി.പി.എം. തീരുമാനിച്ചത്. ഇടതു സ്വതന്ത്ര ജോസിന്‍ ബിനുവാണ് സി.പി.എമ്മിന്റെ പുതിയ സ്ഥാനാര്‍ഥി.
പാര്‍ട്ടിയുടെ തിരുമാനം അംഗീകരിക്കുന്നെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുമെന്നും ബിനു കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യാഴാഴ്ച രാവിലെ 11 മണിക്കു ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിനു പുളിക്കണ്ടത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്ന് നിയുക്ത പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബാബു പ്രതികരിച്ചു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കക്കണ്ടമാണ്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥി തിരുമാനം ഐകകണ്‌ഠ്യേനയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് പറഞ്ഞു. തര്‍ക്കമുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ജോസ് കെ. മാണിയും സി.പി.എം. നേതാക്കളും തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്ത തെറ്റാണെന്നും ലാലിച്ചന്‍ കൂട്ടിച്ചേര്‍ത്തു.
അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ പിന്നീട് കറുത്ത ഷര്‍ട്ട് ധരിച്ചാണ് ബിനു എത്തിയത്. പ്രതിഷേധസൂചകമായാണോ ഈ ഷര്‍ട്ട് ധരിച്ചതെന്ന ചോദ്യത്തിന് എന്താണെന്നറിയില്ല, എടുത്തപ്പോള്‍ കറുത്ത ഷര്‍ട്ടാണ് കിട്ടിയതെന്നും ഒരിക്കലും ഇത് പ്രതിഷേധമല്ല എന്നായിരുന്നു മറുപടി. ജോസ് കെ. മാണിക്ക് തുറന്നകത്ത് എഴുതുമെന്നും ബിനു പറഞ്ഞു.