എം.എൽ.എ ആയി ചുമതലയേമറ്റ ആദ്യനാളുകൾ മുതൽ വടകര ജില്ലാ ആശുപത്രിയിലെ വിവിധങ്ങളായ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. ജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന പരാതികളുടെയും പലഘട്ടങ്ങളിലായി വടകരയിലെ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്ന വാർത്തകളുടെയുമെല്ലാം അടിസ്ഥാനത്തിൽ പലവിഷയങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും, പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിലെ ആദ്യത്തെ സബ്മിഷൻ പോലും വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ചും, സ്റ്റാഫ് പാറ്റേൺ മാറ്റേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുമായിരുന്നു.
മലയോര മേഖലയിൽ നിന്നടക്കം ചികിത്സക്കായി എത്തുന്ന നൂറു കണക്കിന് സാധാരണക്കാർക്ക് സർക്കാർ ഉറപ്പു വരുത്തുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ വേണ്ടി തന്നെയാണ് ഇത്തരം ഇടപെടലുകൾ നടത്തുന്നത്. ജില്ലാ ആശുപത്രി ജനങ്ങൾക്ക് ഏതുസമയത്തും സേവനം ലഭിക്കുന്നയിടമായി മാറണം. ഇതിൽ നിന്ന് വ്യത്യസ്തമായ പലതരം പ്രയാസങ്ങൾ പൊതുജനങ്ങളിൽ നിന്നുയരുകയും മാധ്യമങ്ങളിൽ നിരന്തരം വർത്തയാവുകയും ചെയ്തതിനെ തുടർന്ന് ഒക്ടോബർ ഒന്നിന് ചേർന്ന താലൂക്ക് വികസനസമിതിയിൽ വലിയ വിമർശനമുയരുകയുണ്ടായി. മുഴുവൻ രാഷ്ട്രീയ പാർട്ടി നേതൃത്വവും, ജനപ്രതിനിധികളുമെല്ലാമടങ്ങുന്ന താലൂക്ക് വികസന സമിതി യോഗ തീരുമാനത്തെ തുടർന്നാണ് ഈ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ആശുപത്രിയിൽ പ്രത്യേക യോഗം ചേരാൻ തീരുമാനിക്കുന്നത്. അന്നേ ദിവസം തന്നെ ഇത് സംബന്ധിച്ചു ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഔദ്യോഗികമായി കത്തുനൽകുകയും ഒക്ടോ:10ന് യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഇതുസംബന്ധിച്ചു തുടർ നടപടികൾ സ്വീകരിക്കുകയും, യോഗ വിവരം ബന്ധപ്പെട്ട മുഴുവനാളുകളെയും അറിയിക്കുകയും ചെയ്തു എന്നാണ് മനസിലാക്കുന്നത്. ഒക്ടോ:1 ന് കത്തു നൽകുകയും പത്തുദിവസം പിന്നിട്ടു ചേരുകയും ചെയ്ത യോഗത്തെ സംബന്ധിച്ചാണ് ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ തനിക്കുള്ള അസൗകര്യത്തെകുറിച്ച് യോഗശേഷം മാധ്യമങ്ങൾവഴി അറിയിക്കുന്നത്. ഇത്രയും ദിവസത്തിനിടയിൽ ഇങ്ങനെയൊരു അസൗകര്യത്തെ കുറിച്ച് എം.എൽ.എ എന്ന നിലയിൽ തന്നെ അറിയിക്കുകയോ, ഇനി ഒഴിച്ച്കൂടാനാവാത്ത പ്രയാസങ്ങളുണ്ടെങ്കിൽ ജില്ലാപഞ്ചായത്തിന്റെ ബന്ധപ്പെട്ട മറ്റു പ്രതിനിധികളെ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉൾപെടെ) യോഗത്തിൽ പങ്കെടുപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് ജന താൽപര്യത്തിനു ഉതകുന്നതാണോ എന്ന് ഉത്തരവാദിത്തപെട്ടവർ സ്വയം വിലയിരുത്തുന്നത് നല്ലതാണ്.
ആശുപത്രി വികസനത്തിനുവേണ്ടി ജില്ലാ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾ ഇകഴ്ത്തികാണിക്കാൻ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല പക്ഷേ, ജില്ലാ ആശുപത്രിയായിട്ടും ആദ്യപ്രസവം എടുക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. താലൂക്ക് ആശുപത്രികളിൽപോലും ലഭ്യമാകുന്ന പ്രസവ ചികിത്സ ഇവിടെയില്ലെന്ന കാര്യം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ആരോഗ്യമന്ത്രിപോലും അത്ഭുതപ്പെടുകയായിരുന്നു. എന്നിട്ടും ഇത്രകാലം കഴിഞ്ഞും അതിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. കഴിഞ്ഞ യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചപ്പോഴാണ് ഡി.എം.ഒപോലും വിഷയം അറിയുന്നത്. ഇതിന് പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പുതരികയും ചെയ്തു. ചർച്ചകളും നീണ്ടുപോകുന്ന പ്രസ്താവനകളുമല്ല, വേഗത്തിലുള്ള ഇടപെടലുകളും പരിഹാരവുമാണ് ജനം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള പരിശ്രമം ഇനിയുമുണ്ടാകും. എബി പോസിറ്റീവ് രക്തം രക്തബാങ്കിൽ ഇല്ലെന്ന കാരണം പറഞ്ഞ് പൂർണ ഗർഭിണിയെ രാത്രിയിൽ കോഴിക്കോടേക്ക് അയച്ച നടപടി ഏറെ ഗൗരവതരമാണ്. എന്തെല്ലാം ന്യായീകരണങ്ങൾ ഇക്കാര്യത്തിൽ നമ്മൾ പറഞ്ഞാലും ജനം അംഗീകരിക്കില്ലെന്ന കാര്യം മനസിലാക്കണം. ഒരു പ്രശ്നം ഉണ്ടായിട്ട് അതിൽ ഇടപെടുന്നതിനേക്കൾ ഫലപ്രദവും ജനോപകാരപ്രദവുമാണ് അത്തരം വിഷയങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമം നടത്തുന്നത്. മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന വിഷയങ്ങളിൽ പരിഹാരമുണ്ടായാൽ അവരെ അറിയിക്കുന്നത് പ്രദർശന രാഷ്ട്രീയമാകുന്നത് എങ്ങിനെയാണെന്ന് മനസിലാകുന്നില്ല. വിമർശിക്കേണ്ട വിഷയങ്ങളിൽ അത്തരം വിമർശനങ്ങൾ ഇനിയും തുടരുകതന്നെ ചെയ്യും. കഴിഞ്ഞ യോഗത്തിൽ ഉന്നയിച്ചതും ചർച്ചചെയ്തതുമായ ഏത് വിഷയമാണ് അടിസ്ഥാന രഹിതമായതെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കണം. ആറ് മണിവരെ മാത്രം പ്രവർത്തിക്കുന്ന ഫാർമസിയുടെ പ്രവർത്തനം എട്ടുമണിവരെയാക്കി ക്രമീകരിക്കാൻ തീരുമാനിച്ചതാണോ എം.എൽ.എ ഉണ്ടാക്കുന്ന അനാവശ്യ വിവാദം എന്ന് ബഹു:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണം.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മാത്രമല്ല വടകര മേഖലയിലെ ജനങ്ങളുടെതന്നെ അഭിമാന സ്തംഭമായി ജില്ലാആശുപത്രി മാറണം. അതിനുവേണ്ടി ഇടപെടലുകൾ തുടരുകതന്നെ ചെയ്യും. അവഹേളനങ്ങളും മാറ്റിനിർത്തലുകളുമെല്ലാം എത്രതന്നെ തുടർന്നാലും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യും എന്ന ഉറപ്പുതന്നെയാണ് എല്ലാവർക്കും മുന്നിൽ വെക്കാനുള്ളത്.