ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടു; 200 കിലോ മത്തി സൗജന്യമായി നല്‍കി മത്സ്യവ്യാപാരി

Jotsna Rajan

Calicut

Last updated on Dec 20, 2022

Posted on Dec 20, 2022

അമ്പലപ്പാറ: അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയപ്പോള്‍ കട്ട ആരാധകനായ മത്സ്യവ്യാപാരി സെയ്തലവിയും വിജയമാഘോഷിച്ചു. അമ്പലപ്പാറയില്‍ സൗജന്യമായി മത്തിവിതരണം ചെയ്താണ് അദ്ദേഹം അര്‍ജന്റീനയുടെ വിജയം കെങ്കേമമായി ആഘോഷിച്ചത്.


200 കിലോഗ്രാമിനടുത്ത് മത്തിയാണ് സൗജന്യമായി വിതരണംചെയ്തതെന്ന് അമ്പലപ്പാറ ആശുപത്രിപ്പടി കാളിയംപറമ്പില്‍ സെയ്തലവി (41) പറഞ്ഞു.
'അര്‍ജന്റീനയുടെ ജയമറിഞ്ഞ നിമിഷംമുതല്‍ തന്റെ സന്തോഷം എല്ലാവരുമായും പങ്കുവെക്കണം എന്നാഗ്രഹിച്ചു. അതിനൊരു വഴിയെന്ന നിലയ്ക്കാണ് ഉപജീവനമാര്‍ഗമായ മീന്‍വില്‍പനതന്നെ തിരഞ്ഞെടുത്തത്' സെയ്തലവി പറയുന്നു.
പാലക്കാട് മീന്‍ മാര്‍ക്കറ്റില്‍നിന്നെടുത്ത് ചരക്കുറിക്ഷയില്‍ അമ്പലപ്പാറയിലെത്തിച്ച് സെന്ററില്‍വെച്ചായിരുന്നു വിതരണം. ഇതിനിടെ അര്‍ജന്റീനാ ആരാധകര്‍ക്ക് വീടുകളിലെത്തിയും വിതരണംചെയ്തു. രണ്ടുമണിക്കൂറുകൊണ്ട് നൂറിലേറെപേര്‍ക്ക് മീന്‍ നല്‍കി.
10 വര്‍ഷത്തിലേറെയായി അമ്പലപ്പാറ, വേങ്ങശ്ശേരി, ആലങ്ങാട്, ചെറുമുണ്ടശ്ശേരി ഭാഗങ്ങളില്‍ മീന്‍ വില്‍ക്കുകയാണ് സെയ്തലവി. ആശുപത്രിപ്പടി ഫീനിക്‌സ് ക്രിക്കറ്റ് ക്ലബ്ബ് അംഗമായ സെയ്തലവി മിമിക്രി കലാകാരനുമാണ്.

Share on

Tags