വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഹിമാചലില്‍ എട്ട് ഹെലിപോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിന് അനുമതി

TalkToday

Calicut

Last updated on Feb 27, 2023

Posted on Feb 27, 2023

ഹമീര്‍പൂര്‍: ഹിമാചലില്‍ വിവിധ ജില്ലകളിലായി ഈ വര്‍ഷം എട്ട് ഹെലിപോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹെലിപോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് ആറ് ജില്ലകളിലായി ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സ്ഥലം തിരഞ്ഞെടുത്തുവെന്നും മാര്‍ച്ച്‌ ഒന്ന് മുതല്‍ ഹെലിപോര്‍ട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. ഫണ്ട് ലഭിക്കുന്നതിനായി വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹെലിപോര്‍ട്ട് നിര്‍മാണത്തിന് കേന്ദ്രം ബജറ്റ് വിനിയോഗിക്കും. നിലവില്‍ സംസ്ഥാനത്തെ അഞ്ച് ഹെലിപോര്‍ട്ടുകളില്‍ മൂന്നെണ്ണം വാണിജ്യാടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നത്. ഓരോ ജില്ലയിലും ഹെലിപോര്‍ട്ട് നിര്‍മിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ആദിവാസി മേഖലകളില്‍ ടൂറിസത്തിന്റെ ഉയര്‍ന്ന സാധ്യത കണക്കിലെടുത്ത് ആ പ്രദേശങ്ങളില്‍ ഒന്നിലധികം ഹെലിപോര്‍ട്ടുകള്‍ നിര്‍മിക്കും.

ആദ്യഘട്ടത്തില്‍ ഹമീര്‍പൂരിലെ സാസന്‍, കംഗ്രയിലെ റാക്കര്‍, ചമ്ബയിലെ സുല്‍ത്താന്‍പൂര്‍, കുളുവിലെ പിര്‍ദി, ലഹൗള്‍-സ്പിതിയിലെ ജിസ്പ, സിസ്സു, രന്‍ഗ്രിക്, കിന്നൗറിലെ സര്‍വോ എന്നിവിടങ്ങളിലാണ് ഹെലിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്. സിര്‍മോറിലെ നഹാന്‍, ധര്‍ ക്യാരി, ഷിംലയിലെ ചന്‍ഷാല്‍ ലരോട്ട്, ഉനയിലെ ജങ്കൗര്‍, സോളനിലെ ഗലനാല, ചമ്ബയിലെ പാംഗി, ഹോളി എന്നിവിടങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ ഹെലിപോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുണ്ട്.


Share on

Tags