കക്കട്ട്: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്ഥാപിച്ചതിന്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് വി.കെ. റീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് നടത്തി.
ജില്ലയിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എന്നിവരാണ് 100% വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം പദ്ധതിയുടെ ഭാഗമാക്കി മാറ്റിയത്. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സി.പി.സജിത, റീന സുരേഷ്, ഹേമ മോഹനൻ എന്നിവരും , വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും വ്യാപാരസംഘടനാ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മുഖ്യാഥിതിയായി ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് വി.വിജിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. വി.ഇ. ഒ അർച്ചന നന്ദി രേഖപ്പെടുത്തി.

ഇതിന് മുമ്പും നിരവധി നേട്ടങ്ങൾ കുന്നുമ്മൽ നേടിയിരുന്നു. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ജില്ലയിലെ ആദ്യ പഞ്ചായത്ത്, സ്വരാജ് ട്രോഫി നേടിയത് തുടങ്ങി നിരവധി നേട്ടങ്ങളിൽ കുന്നുമ്മലിന് ഒരു പൊൻ തൂവൽ കൂടി കേവലം 17 ദിവസം കൊണ്ടാണ് പഞ്ചായത്തിലെ 5798 വീടുകളിലും, സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് 58 പേരടങ്ങുന്ന ടീം പൂർത്തിയാക്കിയത്. ഒക്ടോബർ 7 നാണ് കുന്നുമ്മൽ പഞ്ചായത്തിൽ ഹരിത മിത്രം പദ്ധതിയുടെ ഭാഗമായുള്ള ക്യൂ ആർ കോഡ് പതിപ്പിച്ചു തുടങ്ങിയത്. അന്നും പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നു.
വളരെ ചിട്ടയായി കുറഞ്ഞ സമയം കൊണ്ടുതന്നെ പഞ്ചായത്തിലെ 13 വാർഡുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനായത് മികച്ച ടീം വർക്കിന്റെ പ്രതിഫലനമാണ്.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)