ബംഗളൂരു: 30 ലക്ഷം ശമ്ബളമുള്ള ജോലി ഉപേക്ഷിച്ച് ആ ദമ്ബതികള്‍ നേരെ സമൂസ വില്‍ക്കാനിറങ്ങി. ഇന്ന് അവരുടെ ഒരു ദിവസത്തെ വരുമാനം 12 ലക്ഷം.
ബംഗളൂരുവിലെ ദമ്ബതികളായ നിധി സിങ്ങും ശിഖര്‍ വീര്‍ സിങ്ങുമാണ് ഈ കഥയിലെ നായികാനായകന്മാര്‍. ഹരിയാനയില്‍ ബയോടെക്നോളജി ബി.ടെക് പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ശിഖര്‍ ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍നിന്ന് എം.ടെക്കും നേടി. പിന്നീട് ബയോകോണ്‍ എന്ന കമ്ബനിയില്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായി ജോലിയില്‍ കയറി. ഗുരുഗ്രാമിലെ ഫാര്‍മ കമ്ബനിയില്‍ 30 ലക്ഷം ശമ്ബള പാക്കേജുള്ള ജോലിയാണ് നിധിക്ക് കിട്ടിയത്. നല്ല സാമ്ബത്തിക ശേഷിയുള്ള കുടുംബത്തില്‍നിന്നുള്ളവരാണ് ഇരുവരുമെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങി സമ്ബാദിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സു നിറയെ. പഠനകാലത്തുതന്നെ തന്‍റെ സ്വപ്നം ശിഖര്‍ പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധി ഉപദേശിച്ചത്. ഒരിക്കല്‍ നഗരത്തിലൂടെ നടക്കുമ്ബോള്‍ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്കുവേണ്ടി കരയുന്നതു കണ്ടതോടെയാണ് സമൂസ ബിസിനസ് തലയില്‍ കയറിയത്.
അങ്ങനെയാണ് 2015ല്‍ ഇരുവരും ജോലി രാജിവെക്കുന്നത്. പിന്നീട് ബംഗളൂരു ബന്നാര്‍ഘട്ട റോഡില്‍ 'സമൂസ സിങ്' എന്ന പേരില്‍ സമൂസ കമ്ബനി തുടങ്ങി. ഇലക്ട്രോണിക് സിറ്റിയിലാണ് ഓഫിസ്. സ്ഥാപനത്തിന് വലിയ അടുക്കള ആവശ്യമായി വന്നപ്പോള്‍ തങ്ങളുടെ വീട് 80 ലക്ഷത്തിന് വിറ്റു. തുടക്കത്തില്‍ പലരും നെറ്റിചുളിച്ചെങ്കിലും ഇന്ന് ഈ കമ്ബനിയുടെ ദിവസ വരുമാനം 12 ലക്ഷം രൂപയാണ്. നിരവധിപേര്‍ക്ക് ഇവര്‍ തൊഴിലും നല്‍കുന്നു. ആലു മസാല സമൂസ മുതല്‍ ചീസ് ആന്‍ഡ് കോണ്‍ സമൂസ വരെ നിരവധി ഇനം സമൂസയാണ് ഉണ്ടാക്കി വില്‍ക്കുന്നത്. വിവിധയിനം പാനിപുരികള്‍ അടക്കം സ്ട്രീറ്റ് ഫുഡിന്‍റെ നീണ്ടനിരയുമുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഇനങ്ങളായ വടപാവ്, ഡബ്ലി പാവ്, ആലു സമൂസ പാവ്, ആലു ടിക്കി പാവ് തുടങ്ങിയവയും ഉണ്ട്. ഓണ്‍ലൈന്‍ വില്‍പനയും പൊടിപൊടിക്കുന്നു.