വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ കൂടി കഥകള്‍ പറയാനുണ്ട്, ഓരോ കലോത്സവ വേദികള്‍ക്കും. മിമിക്രി മത്സരത്തില്‍ നിന്ന് പാതിവഴിയില്‍ പിന്മാറേ
ണ്ടി വന്ന ഇടുക്കി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ബി ഗ്രേഡ് നല്‍കിയാണ് വിധികര്‍ത്താക്കള്‍ പ്രോത്സാഹനം നല്‍കിയത്.
മത്സരം ആരംഭിച്ചപ്പോള്‍ വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഏയ്ഞ്ചല്‍. ആദ്യ ഐറ്റം മനോഹരമായി അവതരിപ്പിച്ചു. പക്ഷേ ഭാഗ്യം ഏയ്ഞ്ചലിനെ തുണച്ചില്ല. തുടര്‍ന്നുള്ള അവതരണത്തില്‍ ശബ്ദം നിലച്ചു. കണ്ഠമിടറി. മൈക്ക് ഓഫാക്കി. ആഗ്രഹിച്ച ഇനം വേണ്ടവിധത്തില്‍ പൂര്‍ത്തിയാക്കാനാകാതെ കണ്ണുനിറഞ്ഞ് സദസ്സിലേക്ക് മടങ്ങി ഏയ്ഞ്ചല്‍.
പിന്നെ നിറഞ്ഞ കണ്ണുകളോടെ പപ്പയ്ക്കും അമ്മയ്ക്കും അനുജത്തിമാര്‍ക്കുമൊപ്പം സദസിലിരുന്ന് പരിപാടികള്‍ കണ്ടുതീര്‍ത്തു. വേദിയില്‍ നിന്നപ്പോള്‍ ചുറ്റുമുള്ള ആള്‍ക്കൂട്ടമാണ് പേടി തോന്നിപ്പിച്ചതെന്നും അതുകൊണ്ടാണ് മിമിക്രി നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നതെന്നും ഏയ്ഞ്ചല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇടുക്കിയിലെ വിരലിലെണ്ണാവുന്ന മിമിക്രി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് സ്വന്തം കഴിവുകൊണ്ട് മാത്രം ഏയ്ഞ്ചല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് മത്സരിക്കാനെത്തിയത്.
അയോഗ്യയാക്കപ്പെടുമെന്ന് ഏയ്ഞ്ചലിന് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും വിധികര്‍ത്താക്കള്‍ ഈ മിടുക്കിയുടെ കഴിവിന് അംഗീകാരം നല്‍കി. അങ്ങനെ ബി ഗ്രേഡ് കൊണ്ട് ഏയ്ഞ്ചലും കുടുംബവും നാട്ടിലേക്ക് മടങ്ങി. അടുത്ത കലോത്സവത്തിന് എ ഗ്രേഡ് സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തോടെ.