പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

റിയാദ്: രോഗബാധിതനായി നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ചു. തുടര്‍ന്ന് ദീർഘകാലം ആശുപത്രിയിലായിരുന്ന തമിഴ്നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയൻ വീരമണിയെ മലയാളി സാമൂഹികപ്രവർത്തകർ ഏറ്റെടുത്ത് സംരക്ഷിച്ച് നാട്ടിലേക്ക് അയച്ചു.

സൗദിയിലെ നജ്റാനിൽ ഒരു പുതിയ വാട്ടർ കമ്പനിയിൽ പ്ലാൻറ് എൻജിനീയറായി എത്തിയതായിരുന്നു പാണ്ടിയൻ വീരമണി. ഇക്കഴിഞ്ഞ നവംബർ 24നാണ് സൗദിയില്‍ എത്തിയത്. ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു.

തോളെല്ലിന് സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക് തിരിച്ചയക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചു. 28-ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പോകാൻ നജ്റാനിൽനിന്ന് റിയാദിലെത്തി. രാത്രിയിൽ ഡൊമസ്റ്റിക് ടെർമിനലിൽനിന്ന് ഇന്റർനാഷനൽ ടെർമിനലിലേക്ക് നടക്കുന്നതിനിടയിൽ വഴിതെറ്റി എയർപോർട്ടിന് പുറത്തെ ഹൈവേയിലേക്ക് പ്രവേശിച്ചു.

പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിൽപെട്ട്, ഒരു വാഹനത്തിന്റെ ഇടിയേറ്റ് തെറിച്ചുവീണു. കൈകാലുകൾ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയിൽ റോഡരികിൽ കിടന്നു. പൊലീസെത്തി ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്യിലുണ്ടായിരുന്ന ബാഗും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും നഷ്ടമായതിനാൽ ആരാണെന്ന വിവരമില്ലായിരുന്നു. പഴ്സിൽനിന്ന് ബഹ്റൈനിൽ മുമ്പ് ജോലി ചെയ്തിരുന്ന കാലത്തെ ഐ.ഡി കണ്ടെത്തിയതിനാൽ അതിലെ വിവരങ്ങളാണ് ആശുപത്രിയിലെ അഡ്മിഷൻ രജിസ്റ്ററിൽ ചേർത്തത്.

ബഹ്റൈനിൽ ജോലി ചെയ്യുന്നയാൾ റിയാദിൽ വന്നപ്പോൾ അപകടത്തിൽ പെട്ടതായിരിക്കുമെന്ന് പൊലീസും ആശുപത്രി അധികൃതരും കരുതി. ആശുപത്രിയിലെത്തിയ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അയാളിൽനിന്ന് നാട്ടിലെ ഫോൺ നമ്പർ വാങ്ങി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് സൗദിയിൽ ജോലിക്കെത്തിയയാളാണെന്ന് തിരിച്ചറിയുന്നത്. നജ്റാനിലെ കമ്പനിയധികൃതരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ ബന്ധപ്പെട്ട് അപകടവിവരം അറിയിച്ചു.

10 ദിവസം ഐ.സി.യുവിലും 15 ദിവസം വാർഡിലും കിടന്നു. ആകെ 1,45,000 റിയാൽ ചികിത്സാ ബില്ല് വന്നു. തൊഴിലുടമ ബില്ല് കൊടുക്കാൻ തയാറായില്ല. ഇഖാമ എടുക്കുന്നതിന് മുമ്പായിരുന്നു അപകടമെന്നതിനാൽ ഹെൽത്ത് ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഹൈവേയിൽ തെറ്റായി പ്രവേശിച്ചുണ്ടായ അപകടമായതിനാൽ അതിന്റെ ഉത്തരവാദിയും അയാള്‍ തന്നെ എന്ന നിലയിൽ ആ നിലക്കുള്ള ആനുകൂല്യത്തിനും അർഹതയില്ലാതായി.

ഇന്ത്യൻ എംബസി കൂടി ഇടപെട്ടതോടെ ബില്ല് അടയ്ക്കാതെ തന്നെ ഡിസ്ചാർജ് നൽകാൻ ഒടുവിൽ ആശുപത്രി മാനേജ്‍മെന്റ് തയ്യാറായി. രോഗിയുടെ അവസ്ഥ മനസിലാക്കി മനസലിഞ്ഞാണ് മാനേജ്‍മെന്റ് ബില്‍ തുക ഒഴിവാക്കാന്‍ തയാറായതെന്നും ബില്ലിന്റെ കാര്യത്തിൽ എന്തെങ്കിലും വഴി കണ്ടെത്താമെന്ന് പറഞ്ഞാണ് മാനേജർമാരായ ഷംസീറും സുജിത് അലി മൂപ്പനും ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.

നാട്ടിലേക്കുള്ള യാത്രാസൗകര്യം ഒരുങ്ങുന്നതുവരെ ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ മുറിയെടുത്ത് താമസിപ്പിച്ചു. ശിഫ അൽജസീറ ക്ലിനിക്കിൽനിന്ന് ആവശ്യമായ പരിചരണം ലഭ്യമാക്കി. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടൽ ചെലവും ഇന്ത്യൻ എംബസി വഹിച്ചു. പാസ്‍പോർട്ടും മറ്റ് രേഖകളും നഷ്ടമായതിനാൽ എംബസി പകരം ഔട്ട് പാസ് അനുവദിക്കുകയായിരുന്നു. ആ സമയത്ത് റിയാദ് സന്ദർശിച്ച സി.ആർ. മഹേഷ് എം.എൽ.എ ഔട്ട്പാസ് അയാൾക്ക് കൈമാറി. പരിക്കുകളെല്ലാം ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. ശിഹാബ് കൊട്ടുകാടിനൊപ്പം ഈ പ്രവർത്തനങ്ങൾക്ക് തുണയായി തമിഴ്നാട് സ്വദേശി ലോക്നാഥുമുണ്ടായിരുന്നു.


Share on

Tags