അമൃതകിരണം മെഡി ഐക്യൂ പ്രശ്‌നോത്തരി

Jotsna Rajan

Calicut

Last updated on Jan 9, 2023

Posted on Jan 9, 2023

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങള്‍ക്കെതിരെ പൊരുതാന്‍ അവരെ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ട് 2017 മുതല്‍ നടന്നു വരുന്ന അമൃതകിരണം മെഡി ഐക്യു പ്രശ്‌നോത്തരിയുടെ അഞ്ചാം സീസണ്‍ 2023 ജനുവരിയില്‍ നടക്കും.

മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ 2023 ജനുവരി 14ന് ജില്ലാ ആസ്ഥാനങ്ങളിലാണ് സംഘടിപ്പിക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള 25 ചോദ്യങ്ങള്‍ അടങ്ങുന്ന എഴുത്തു പരീക്ഷയാണ് ആദ്യ റൗണ്ട്. 8, 9, 10 ക്ലാസ്സുകളിലെ ബയോളജി ടെക്സ്റ്റ് ബുക്കില്‍ നിന്നും 12 ചോദ്യങ്ങളും പൊതു വിജ്ഞാനം, ജനറല്‍ ഹെല്‍ത്ത് എന്നിവയില്‍ നിന്നും 13 ചോദ്യങ്ങളും ഉണ്ടായിരിക്കും.

ജില്ലാതലത്തില്‍ പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടുന്ന ആറു ടീമുകള്‍ക്ക് അന്നുതന്നെ നടത്തുന്ന ജില്ലാതല ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കാം. ഇത് ദൃശ്യശ്രാവ്യ റൗണ്ടുകളുള്ള (ഓഡിയോ വിഷ്വല്‍) മല്‍സരമായിരിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും ട്രോഫിക്ക് പുറമേ സമ്മാനമായി ലഭിക്കും. കോഴിക്കോട് ജനുവരി 21ന് നടക്കുന്ന കെ.ജി.എം.ഒ.എ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് മെഗാഫൈനല്‍ മത്സരം നടക്കും. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.

സിലബസ്, പഠനഭാഷാ ഭേദമന്യേ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കാളികളാവാം. ഒരു സ്‌കൂളില്‍നിന്നും രണ്ട് പേരടങ്ങുന്ന ടീം ആയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മല്‍സരത്തിനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.

ജനുവരി 10 ആണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ കത്ത് മത്സര സമയത്ത് ഹാജരാക്കണം.

രജിസ്‌ട്രേഷന്‍ ലിങ്ക് - https://forms.gle/eUSzMmyBPWevBBUP6

Share on

Tags