രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ കമ്ബനി വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതല്‍ കമ്ബനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഇപ്പോഴത്തെ അക്കാദമിക് ബാച്ചില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്നും കമ്ബനി വ്യക്തമാക്കി.
ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിന് സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ 2021 ജനുവരി മാസത്തിലാണ് ആമസോണ്‍ അക്കാദമി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ശക്തമായ ഇന്ത്യയിലെ എഡ്ടെക് സെക്ടറില്‍ കാലൂന്നുകയെന്ന ലക്ഷ്യമായിരുന്നു കമ്ബനിക്ക്. ബൈജൂസ്, അണ്‍അക്കാദമി, വേദാന്തു തുടങ്ങിയ ഇന്ത്യന്‍ കമ്ബനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ആമസോണിന്റെ വരവ്.
അതേസമയം, നിലവിലെ ഉപഭോക്താക്കളുടെ താത്പര്യം കൂടി സംരക്ഷിക്കാനുറച്ച് ഘട്ടംഘട്ടമായാവും കമ്ബനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. കഴിഞ്ഞ മാസം തന്നെ കമ്ബനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. 2024 ഒക്ടോബര്‍ വരെ സ്റ്റഡി മെറ്റീരിയലുകള്‍ ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് കിട്ടും. എന്നാല്‍ ഇതിന് തുക ഈടാക്കില്ലെന്നും മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.