സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ ഡി ശരീരത്തിന് ഏറെ അനിവാര്യമായ ഒന്നാണ്.
ശരീരത്തിലെ കാല്‍സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും തോത് നിയന്ത്രിക്കാനും എല്ലുകള്‍, പല്ലുകള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിന്‍ ഡി സഹായിക്കും. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ശക്തമാക്കാനും വൈറ്റമിന്‍ ഡി ആവശ്യമാണ്.
പനിയും ജലദോഷവുമൊക്കെ തടയാന്‍ വൈറ്റമിന്‍ ഡി സഹായിക്കും. അടിക്കടി രോഗത്തിന് കീഴ്പ്പെടാന്‍ കാരണം പ്രതിരോധ ശേഷിയുടെ മാത്രമല്ല വൈറ്റമിന്‍ ഡി അഭാവത്തിന്‍റെ കൂടി പ്രതിഫലനമാകാം. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചില്‍, പേശിക്ക് ദുര്‍ബലത, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും വൈറ്റമിന്‍ ഡി കുറയുന്നതുകൊണ്ടാകാം.
വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിനുപുറമേ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വൈറ്റമിന്‍ ഡി അഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ആവശ്യത്തിന് വെയില്‍ കൊള്ളുന്നതാണ് വൈറ്റമിന്‍ ഡി സാന്നിധ്യം ശരീരത്തില്‍ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. മത്തി, സാല്‍മണ്‍ പോലുള്ള എണ്ണമയമുള്ള മീനുകള്‍, റെഡ് മീറ്റ്, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്‍റുകളെയും ആശ്രയിക്കാം.