കണ്ണൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് നേഴ്സ് മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു.
കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
പിടികൂടിയവയില്‍ കൂടുതലും ചിക്കന്‍ വിഭവങ്ങളാണ്. അല്‍ഫാം, തന്തൂരി എന്നി ചിക്കന്‍ വിഭവങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ‘ഓപ്പറേഷന്‍ ഹോളിഡേ’ എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 429 പരിശോധനകളാണ് നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൃത്തിഹീനമായ സാഹര്യം കണ്ടെത്തുകയും ചെയ്ത 43ഹോട്ടലുകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.