ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.

ആലത്തൂര്‍ സ്വദേശികളായ പ്രസാദ്(25), ഷിജിന്‍ദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമല്‍(28) എന്നിവരാണ് മരിച്ചത്. നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.


Share on

Tags