പരീക്ഷാ ഹാളില്‍ ഉദ്യോഗാര്‍ഥിയുടെ കുഞ്ഞിനെ പരിചരിച്ച്‌ വനിതാ കോണ്‍സ്റ്റബിള്‍

TalkToday

Calicut

Last updated on Mar 7, 2023

Posted on Mar 7, 2023

മാല്‍കങ്കിരി: ഒഡിഷയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്ന മാല്‍കാങ്കിരി കോളജ് കഴിഞ്ഞ ദിവസം ഹൃദയഹാരിയായ കാഴ്ചക്ക് സാക്ഷിയായി.

കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ഥിയുടെ കുഞ്ഞിനെ പരിചരിച്ച്‌ അവരെ പരീക്ഷക്ക് ഹാജരാകാന്‍ സഹയിച്ചതാണ് എല്ലാവരുടെയും കൈയടി നേടിയ സംഭവം.

22കാരിയായ ചഞ്ചല മാലിക് പരീക്ഷ എഴുതാന്‍ എത്തിയത് നാല് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ്. ഞായറാഴ്ച 9.20 ഓടെ അവര്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നു. കുഞ്ഞിനെ പരിചരിക്കാനായി ചഞ്ചല്‍ അവരുടെ അമ്മയോടും ഭര്‍തൃ മാതാവിനോടും പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും എത്തിയില്ല. കുട്ടി കരയാന്‍ കൂടി തുടങ്ങിയതോടെ പരീക്ഷ എഴുതാനാകില്ലെന്ന് ചഞ്ചല്‍ കരുതി.

പരീക്ഷാ സമയം അടുക്കുന്നതനുസരിച്ച്‌, തന്റെ കുടുംബത്തിലെ ആരെങ്കിലും വരുമെന്ന് ചഞ്ചല്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആരും എത്തിയില്ല. പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ ബാസന്തി ചൗധരി അവിടെ എത്തുകയും കുഞ്ഞിനെ താന്‍ പരിചരിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചഞ്ചല കുഞ്ഞിനെ ബാസന്തിയെ ഏല്‍പ്പിച്ച്‌ പരീക്ഷ എഴുതാന്‍ പോയി.

ബാസന്തി കുഞ്ഞിനെ എടുത്തു നടക്കുക മാത്രമല്ല, ഇടക്കിടെ കുഞ്ഞിനു ഭക്ഷണങ്ങള്‍ നല്‍കുകയും ചെയ്തു.

പരീക്ഷ കഴിയും വരെ അവര്‍ കുഞ്ഞിനെ നോക്കി. പരീക്ഷക്ക് ശേഷം കുഞ്ഞിനെ ചഞ്ചലിന് കൈമാറുകയും ചെയ്തു. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ഒഡിഷ പൊലീസില്‍ 33 ശതമാനം വനിതാ സംവരണമുണ്ട്.


Share on

Tags