കണ്ണൂര്‍: ആറളം ഫാം നാലാം ബ്ലോക്കില്‍ വീണ്ടും ഭീതി വിതച്ച് കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീതിയിലാണ് ആറളം ഫാമിലുള്ളവര്‍ കഴിയുന്നത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഭയത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത് കര്‍ണാടകയുടെ വനാതിര്‍ത്തിയാണ്. കര്‍ണാടക വനത്തിലേക്ക് കടുവ പോയേക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍ മൃഗങ്ങളെ ഒന്നും കടുവ ആക്രമിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് രാവിലെ പ്രദേശവാസിയായ അസീസിന്റെ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ, ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍. കടുവ അക്രമകാരിയായി എന്നതാണ് ഭീതിയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കറങ്ങി നടന്ന കടുവ തന്നെയാണ് ഇന്ന് പശുവിനെ ആക്രമിച്ചത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.