താമരശ്ശേരി: സ്കൂള്‍ പാചക തൊഴിലാളികളെ അനുമോദിച്ച് വേറിട്ട വിരമിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി അധ്യാപകന്‍.
വിദ്യാഭ്യാസ ജില്ലയിലെ പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും വടകര സ്വദേശിയുമായ വിനോദ് ചെറിയത്താണ് തന്റെ വിരമിക്കല്‍ പാചക തൊഴിലാളികളെ അനുമോദന ചടങ്ങാക്കി മാറ്റിയത്. എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ആരംഭിച്ചത് മുതലാണ് പി.എം. തങ്കവും , സി.പി. വത്സലയും പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാചക തൊഴിലാളികളായി സേവനം തുടങ്ങിയത്.
വര്‍ഷങ്ങളായി കുട്ടികള്‍ക്ക് ദിവസവും രുചികരമായ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന ഇരുവര്‍ക്കും അനുമോദന ചടങ്ങ് നവ്യാനുഭവമായി. കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റര്‍ സംസ്ഥാനകമ്മിറ്റി അംഗം , നോണ്‍ പ്രൊട്ടക്റ്റഡ് ടീച്ചേഴ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വിനോദ് ചെറിയത്ത് ,സര്‍വ്വശിക്ഷ അഭിയാന് കീഴില്‍ വടകര ബി.ആര്‍.സി കോ- ഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനുമോദന ചടങ്ങില്‍ ഇ.ആര്‍.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. വിനോദ് ചെറിയത്ത് ഉപഹാരങ്ങള്‍ നല്‍കി. പ്രഥമ അധ്യാപിക ടി.കെ.ശ്രീലത , വി.കെ. വിനോദ് കുമാര്‍ , കെ.ബിന്ദു , സി.ആര്‍.രജിതകുമാരി , പി.രതീഷ് , കൃഷ്ണ പ്രസാദ് , എം.പി. ഹാരിസ് , കെ. പ്രസീല , വി.കെ. പുഷ്പലത എന്നിവര്‍ സംസാരിച്ചു.