പാലക്കാട്: രാത്രി നഗ്നനായെത്തി മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ചെമ്ബലോട് മോഹനനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ശരീരത്തില്‍ നല്ലെണ്ണ തേച്ച് രാത്രിക്കാലങ്ങളില്‍ നഗ്നനായെത്തിയാണ് ഇയാള്‍ മോഷണം നടത്തുന്നത്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് രാത്രി മോഷണം നടത്തുന്നത് പതിവായിരുന്നു. രാത്രി നഗ്നനായി വന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങള്‍ കൊണ്ടുപോകുന്നതും ഇയാളുടെ രീതിയാണ്.
പിടിക്കപ്പെടാതിരിക്കാന്‍ ശരീരത്തില്‍ നല്ലെണ്ണ തേച്ചാണ് മോഷണത്തിനിറങ്ങുന്നത്. കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗര്‍ ഭാഗങ്ങളില്‍ ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് പാലക്കാട് എസ്.പി. ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പ്രതിയെ പിടികൂടുന്നതിനായി അന്വേഷണസംഘത്തെ നിയോഗിച്ചു.